'കൊഹ്‌ലിയെ വെല്ലുവിളിക്കാൻ കഴിയുന്നത് ഒരാൾക്ക് മാത്രം, അത് ആരാണെന്ന് അറിഞ്ഞാലും അത്ഭുതപ്പെടാനില്ല'
ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിൽ 9,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആർസിബി) സൂപ്പർ താരം വിരാട് കൊഹ്‌ലി. തന്റെ ക്രിക്കറ്റ് ജീവിതത്തിന് ആരംഭംകുറിച്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി മൈതാനത്ത് വച്ചുതന്നെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 153.33 സ്‌ട്രൈക്ക് റേറ്റിൽ 15 പന്തിൽ ഒരു ഫോറും രണ്ട് സിക്സറും പറത്തി 23 റൺസ് നേടിയാണ് കൊഹ്ലി പുറത്താകാതെ നിന്നത്. തുടർച്ചയായ രണ്ട് സിക്സറുകൾ പായിച്ച് താരം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ഇപ്പോഴിതാ കൊഹ്‌ലിയുടെ നേട്ടത്തെക്കുറിച്ച് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ എക്സിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കൊഹ്‌ലിയെ വെല്ലുവിളിക്കാൻ കൊഹ്‌ലി മാത്രമേയുള്ളുവെന്ന് അദ്ദേഹം കുറിച്ചു. 'വിരാട് കൊഹ്‌ലിയെ വെല്ലുവിളിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് മറ്റാരുമല്ല, കൊഹ്‌ലി തന്നെയാണ്. അതുകൊണ്ടാണ് ഐപിഎല്ലിലെ ഈ 9,000 റൺസ് എന്ന 'എവറസ്റ്റ് കൊടുമുടി' അദ്ദേഹത്തിന് വെറുമൊരു ചവിട്ടുപടി മാത്രമാകുന്നത്, അതൊരിക്കലും അദ്ദേഹത്തിന്റെ അവസാന ലക്ഷ്യമല്ല.'— ഇർഫാൻ പത്താൻ പറയുന്നു.
ഡൽഹിക്കെതിരായ വിജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ആർസിബി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഈ സീസണിലെ തങ്ങളുടെ ആറാം വിജയമാണ് ടീം സ്വന്തമാക്കിയത്. അതേസമയം, എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് തോൽവി വഴങ്ങിയ ഡൽഹി ക്യാപിറ്റൽസ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.