'എസി ഉൾപ്പടെയുള്ളവയുടെ ഉപയോഗം ജനങ്ങൾ നിയന്ത്രിക്കണം'; പ്രകൃതി ചതിച്ചെന്ന് വെെദ്യുതി മന്ത്രി
തിരുവനന്തപുരം: പീക്ക് സമയങ്ങളിൽ എസിയുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ലോഡ് ഷെഡ്ഡിംഗിൽ തീരുമാനം വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ചതിച്ചതാണെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്.
നമ്മുടെ ഉൽപാദന വർദ്ധനവാണ് നമ്മുടെ രക്ഷ, പക്ഷേ ഒരു ഹൈഡ്രൽ പ്രോജക്ടും നടത്താൻ നിങ്ങൾ സമ്മതിക്കില്ലെന്നും മന്ത്രി വിമർശിച്ചു. ഹൈഡ്രൽ പ്രോജക്ടുകൾ ഓരോ കാരണങ്ങൾ പറഞ്ഞ് മുടക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഉഷ്ണതരംഗവും യുദ്ധവുമൊന്നും മുൻകൂട്ടി കാണാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം പ്രതിസന്ധി നേരിടുന്നത്. 250 മെഗാവാൾട്ടിന്റെ അനുമതി കിട്ടിയിട്ടുണ്ട്. ഇത്രയും നാളും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഓവർ ലോഡ് വരുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ്. ഇന്ന് മഴ പെയ്തതിൽ സന്തോഷമുണ്ട്. അത് ഗുണം ചെയ്യും'- മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്നുമുതൽ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈകുന്നേരം ആറുമണിമുതൽ രാത്രി പന്ത്രണ്ടുമണിവരെയുള്ള സമയത്താണ് അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഈ സമയം വാഹനചാർജിംഗ്, ഇൻഡക്ഷൻ കുക്കർ എന്നിവയുടെ ഉപയോഗം പാടില്ലെന്നും നിർദ്ദേശമുണ്ട്. അത്യാവശ്യത്തിനുമാത്രം എസി ഉപയോഗിക്കണമെന്നും അത് 24-26 ഡിഗ്രിയിൽ സെറ്റുചെയ്യണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അനിയന്ത്രിതമായ അളവിൽ വൈദ്യുത ഉപയോഗം കൂടിയതോടെയാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതരായത്. 115 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.
വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഉന്നതതല യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്കനുസരിച്ച് പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനവിനെക്കാൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകിട്ട് ആറുമണിക്കുശേഷമുള്ള വാഹനങ്ങളുടെ ചാർജിംഗ്, എസി ഉപയോഗം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ കുക്കർ അധികമായി ഉപയോഗം എന്നിവ വൈദ്യുതിയുടെ ഉപയോഗം കൂട്ടി എന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
പീക്ക് ലോഡ് മാനേജ്മെന്റ് നടപടി അഥവാ ലോഡ് റെസ്ട്രിക്ഷൻ എന്ന പേരിൽ വൈകിട്ട് ആറുമുതൽ രാത്രി രണ്ടുവരെയുള്ള സമയങ്ങളിൽ 10 മുതൽ 30 മിനിട്ടുവരെ വൈദ്യുതി ഇപ്പോൾ കട്ട് ചെയ്യുന്നുണ്ട്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഇത്.