രാത്രിയിൽ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെടാൻ എന്തുചെയ്യണം?, ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി
വീട്ടിലെ കിടപ്പുമുറിയിലും അടുക്കളയിലും പരിസരത്തുമെല്ലാം പാമ്പിനെ കണ്ടെത്തുന്നതും പാമ്പുകടിയേറ്റ് ആളുകൾ മരണപ്പെടുന്നതുമായ വാർത്തകൾ ഇപ്പോൾ കൂടിക്കൂടി വരികയാണ്. സാധാരണഗതിയിൽ പാമ്പുകളെ വീട്ടുപരിസരത്ത് കാണുന്ന സമയമല്ല ഇത്. വർദ്ധിച്ചുവരുന്ന ചൂടാണ് ഇതിന് കാരണമെന്ന് സൂചനകളുണ്ട്. ഇരുട്ടിൽ ഇരതേടുന്നവരാണ് പാമ്പുകൾ. അതിനാൽ നേരം ഇരുട്ടിയ സമയത്ത് ഇവയെ കാണാൻ സാദ്ധ്യത വളരെ കൂടുതലാണ്. ഈ സമയത്താണ് നാം പലപ്പോഴും പുറത്തുനിന്നും മടങ്ങിവരുന്നത്. ഇരുട്ടുള്ള സമയത്ത് വീട്ടിലോ നാം നിൽക്കുന്ന പരിസരത്തോ പാമ്പുണ്ടോ എന്ന് എങ്ങനെ അറിയാം? വളരെ എളുപ്പത്തിൽ മൂന്ന് കാര്യങ്ങൾ ചെയ്‌തുനോക്കിയാൽ ആ പരിസരത്തെ പാമ്പിന്റെ സാന്നിദ്ധ്യം അറിയാനും അവയുടെ ശല്യമുണ്ടാകാതിരിക്കാനും സാധിക്കും.
ഒരു ടോർച്ച് കരുതുക: രാത്രിയിൽ വീടിനുപരിസരത്തോ, പുൽത്തകിടിയിലൂടെയോ മറ്റോ നടക്കുമ്പോൾ മതിയായ വെളിച്ചം അവിടെയുണ്ടെന്ന് ഉറപ്പുവരുത്തണം. വെളിച്ചമില്ലെങ്കിൽ കൈയിൽ എപ്പോഴും ഒരു ടോർച്ച് കരുതുക. നിലത്ത് ചവിട്ടുന്നതിന് മുൻപ് ആ ഭാഗങ്ങൾ സുരക്ഷിതമെന്ന് ടോർച്ച് തെളിച്ച് ഉറപ്പുവരുത്തുക.
ഒരു വടി കരുതുക: വടി കുത്തി നടക്കുന്നത് കുറവൊന്നുമല്ല പകരം കൃത്യമായ പ്രതിരോധമാണ്. നേരം ഇരുട്ടി വെളിച്ചം കുറയുന്ന സമയത്ത് പുറത്ത് നടക്കുമ്പോൾ നീളമുള്ളൊരു വടി ഉപയോഗിച്ച് മുന്നിൽ കുത്തണം. ഇങ്ങനെ ഭൂമിയിൽ കുത്തുമ്പോൾ ഇഴജന്തുക്കളായ പാമ്പുകൾ അപകട സൂചനയെന്ന് കരുതി മാറിപ്പോകും.
ഷൂസ് അല്ലെങ്കിൽ ബൂട‌്‌സ് ധരിക്കണം: രാത്രികാലങ്ങളിൽ പാമ്പുകൾ പുൽനിറഞ്ഞതോ മറ്റോ ആയ ഗ്രാമപ്രദേശങ്ങളിൽ പതുങ്ങിയിരിക്കാൻ സാദ്ധ്യത ഏറെയാണ്. പട്ടണങ്ങളുടേതിനെക്കാൾ ഗ്രാമങ്ങളിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ഈ സമയം പുറത്തിറങ്ങുന്നവർ വലിയ ബൂട്‌സോ ഷൂസോ എങ്കിലും ധരിക്കണം. ലളിതമായ ചപ്പലുകൾ ധരിക്കുന്നത് നല്ലതല്ല.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പാമ്പുകളിൽ നിന്നും കടിയേൽക്കാതെ രക്ഷപ്പെടാം. കടിയേൽക്കുന്ന സാഹചര്യം ഉണ്ടായാൽ പഴമക്കാരുടെ അറിവിലെ ഒറ്റമൂലികളോ, മറ്റോ പരീക്ഷിക്കുന്നതിന് പകരം കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം.