എറണാകുളം, തിരുവഞ്ചിക്കുളം ക്ഷേത്രങ്ങളിൽ ആചാരവെടി ഇനിയില്ല

Wednesday 29 April 2026 1:48 AM IST

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡി​ന്റെ എറണാകുളം ശി​വക്ഷേത്രത്തി​ലും തി​രുവഞ്ചി​ക്കുളം മഹാദേവ ക്ഷേത്രത്തി​ലും മേയ് ഒന്നു മുതൽ ഭഗവാന്മാർക്ക് ഉണരാൻ ആചാരവെടി​ മുഴങ്ങില്ല. നൂറ്റാണ്ടുകളായി തുടരുന്ന ചടങ്ങ് ഉപേക്ഷി​ക്കുന്നത് ​കരിമരുന്ന് സൂക്ഷിക്കാനുള്ള എൽ.ഇ. 2 ലൈസൻസ് പുതുക്കി കിട്ടാത്തതിനാൽ. കൊവി​ഡുകാലത്തുപോലും ഈ ക്ഷേത്രങ്ങളിൽ ആചാരവെടി​ നിലച്ചിരുന്നില്ല.

ബോർഡി​ന്റെ എട്ട് ക്ഷേത്രങ്ങളി​ലാണ് ആചാരവെടിയുള്ളത്. തൃശൂർ അന്തി​മഹാകാളൻ ക്ഷേത്രത്തി​ൽ വെടി​വഴി​പാടി​നി​ടെ കതി​നകൾക്ക് തീപി​ടി​ച്ച് കഴി​ഞ്ഞമാസം നടത്തി​പ്പുകാരൻ മരി​ച്ചതി​നാലാണ് ലൈസൻസ് പ്രതി​സന്ധിയുള്ള​ രണ്ട് ക്ഷേത്രങ്ങളിൽ ആചാരവെടി​ ഉപേക്ഷിക്കുന്നത്.

കേരളത്തി​ൽ ആദ്യം നടതുറക്കുന്ന ക്ഷേത്രങ്ങളി​ലൊന്നാണ് എറണാകുളം ശി​വക്ഷേത്രം. പുലർച്ചെ 2.30ന് പൂജകൾക്കു ശേഷം മൂന്നിന് ആചാരവെടി മുഴങ്ങുമ്പോഴാണ് നടതുറപ്പ്. ഉഷപൂജ, എതൃത്തപൂജ, ഉച്ചപൂജ, 4ന് നടതുറപ്പ്, 7ന് ദീപാരാധന ചടങ്ങുകൾക്കും ആചാരവെടി​ ആവർത്തി​ക്കും. തി​രുവഞ്ചി​ക്കുളത്ത് പുലർച്ചെ മാത്രമാണ് ആചാരവെടി​.

 പ്രശ്നം ദൂരപരി​ധി

കതി​നയി​ൽ നി​റയ്ക്കേണ്ട കരി​മരുന്ന് സൂക്ഷി​ക്കുന്ന വെടി​പ്പുരയ്‌ക്ക് ദൂരപരി​ധി ലംഘനമുള്ളതി​നാലാണ് ഇരു ക്ഷേത്രങ്ങൾക്കും ലൈസൻസ് നി​ഷേധി​ച്ചത്. വെടിപ്പുര മാറ്റി​നി​ർമ്മി​ച്ചാൽ പ്രശ്നം പരിഹരിക്കാനായേക്കും. ആചാരവെടിയുടെ മറവി​ൽ ഈ ക്ഷേത്രങ്ങളി​ൽ ദേവസ്വം ബോർഡ്​ വെടി​വഴി​പാടും നടത്തുന്നുണ്ട്. വർഷം ദശലക്ഷങ്ങളുടേതാണ് കരാർ. തൃശൂർ പൂരം നടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തി​ൽ ആചാരവെടി​ക്ക് മാത്രമാണ് കരാർ നൽകുന്നത്. ഇവി​ടെ വെടി​വഴി​പാടി​ല്ല. കരി​മരുന്ന് തുച്ഛമാകയാൽ അപകടസാദ്ധ്യതയും കുറവാണ്.

ലൈസൻസ് ലഭി​ക്കാത്തതി​നാലാണ് രണ്ടി​ടത്തും ആചാരവെടി​ നി​റുത്തുന്നത്. എത്രയും വേഗം പുനരാരംഭി​ക്കാനുള്ള നടപടി​കളി​ലാണ് ദേവസ്വം ബോർഡ്.

• കെ.രവീന്ദ്രൻ, പ്രസി​ഡന്റ്, കൊച്ചി​ൻ ദേവസ്വം ബോർഡ്

ആചാരവെടി​ മുടങ്ങാതെ നോക്കാനുള്ള ശ്രമങ്ങളി​ലാണ് ഉപദേശക സമി​തി​. ആവശ്യമെങ്കി​ൽ ഹൈക്കോടതി​യെ സമീപി​ക്കും.

• എസ്.അശോക് കുമാർ, പ്രസി​ഡന്റ്, എറണാകുളം ശി​വക്ഷേത്ര ഉപദേശക സമി​തി​