അടി തുടര്‍ന്ന് പഞ്ചാബ് കിംഗ്‌സ്; രാജസ്ഥാനെതിരെ കൂറ്റന്‍ സ്‌കോര്‍

Tuesday 28 April 2026 9:16 PM IST

ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലില്‍ അപരാജിത കുതിപ്പ് തുടരുന്ന പഞ്ചാബിന് രാജസ്ഥാനെതിരെ കൂറ്റന്‍ സ്‌കോര്‍. പ്രഭ്‌സിംറാന്‍ സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് പഞ്ചാബ് കിംഗ്‌സ് അടിച്ചെടുത്തത്. മദ്ധ്യ ഓവറുകളില്‍ സ്‌കോറിംഗ് വേഗത കുറഞ്ഞുവെങ്കിലും സ്‌റ്റോയിനിസ് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 29(11), പ്രഭ്‌സിംറാന്‍ സിംഗ് 59(44) എന്നിവര്‍ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. കൂപ്പര്‍ കണോലി 30(14), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30(27) റണ്‍സ് വീതം നേടി. മാര്‍ക്കസ് സ്റ്റോയിനിസ് 22 പന്തുകളില്‍ നിന്ന് 62 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് ഫോറും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ ഇന്നിംഗ്‌സ്. സൂര്യാന്‍ഷ് ഷെഡ്‌ഗെ രണ്ട് പന്തില്‍ മൂന്ന് റണ്‍സ് നേടി പുറത്താകാതെ നിന്നു.

രാജസ്ഥാന്‍ റോയല്‍സിനായി യാഷ് രാജ പഞ്ച രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും പരാജയം വഴങ്ങാതെയാണ് പഞ്ചാബിന്റെ കുതിപ്പ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മഴ കാരണം ഉപേക്ഷിച്ച മത്സരത്തില്‍ മാത്രമാണ് അവര്‍ക്ക് രണ്ട് പോയിന്റും ലഭിക്കാതെ പോയത്. മറുവശത്ത് രാജസ്ഥാന്‍ റോയല്‍സ് ആദ്യ നാല് മത്സരങ്ങള്‍ തോല്‍വി വഴങ്ങാതെ തുടങ്ങിയെങ്കിലും അവസാനം കളിച്ച നാലില്‍ മൂന്ന് മത്സരങ്ങളിലും തോറ്റിരുന്നു.