കൊടും ചൂടിന് പിന്നാലെ തകർത്തുപെയ്‌ത് വേനൽ മഴ, ചെങ്ങന്നൂരിൽ യുവാവ് മിന്നലേറ്റ് മരിച്ചു, തൃശൂരിൽ നാല് കുട്ടികൾക്ക് പൊള്ളലേറ്റു
തൃശൂർ: സംസ്ഥാനത്ത് പകൽ കനത്തചൂടിന് ശേഷമുണ്ടായ വേനൽമഴയിൽ പലയിടത്തും നാശനഷ്‌ടം. ആലപ്പുഴ ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. പ്രവാസിയായ ആസിഫ് അവധിയ്‌ക്ക് നാട്ടിലെത്തി പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മേയ് 15ന് വിദേശത്തേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.
ഇതിനിടെ തൃശൂരിൽ നാല് കുട്ടികൾക്ക് മിന്നലേറ്റു. ക്രിക്കറ്റ് കളിക്കിടെയാണ് കുട്ടികൾക്ക് മിന്നലേറ്റത്. ശിവ കൃഷ്‌ണ, അക്ഷര, ജിഷ്‌ണു, ജിത്തു എന്നിവർക്കാണ് മിന്നലിൽ പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പൊള്ളൽ സാരമുള്ളതാണ്. ഇവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈകളിലും തുടയിലുമാണ് പൊള്ളൽ.
വൈകിട്ട് 5.30ന് വെങ്ങിണിശേരി കപ്പക്കാട്ട് പാടത്താണ് സംഭവം. കളിക്കിടെ ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു. പത്തോളം പേരാണ് പാടത്തുണ്ടായിരുന്നത്. ശിവകൃഷ്ണയ്ക്ക് ഉടൻ ബോധം നഷ്ടപ്പെട്ടു. അരഞ്ഞാണത്തിൽ മിന്നലേറ്റതോടെ നിലത്തുവീഴുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുട്ടികൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീടിന് ഇടിമിന്നലേറ്റ് വലിയ നാശനഷ്‌ടം. വാഴവിള സ്വദേശി ബൈജുവിന്റെ വീട്ടിൽ ഇന്ന് വൈകിട്ട് നാലിന് വേനൽമഴയ്‌ക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു. വീട്ടിലെ കെഎസ്ഇബി മീറ്ററും കരിഞ്ഞുപോയി. കോതമംഗലത്ത് വേനൽമഴയിൽ പള്ളിയുടെ മുകളിലെ കോൺക്രീറ്റ് പാളി അടർന്നുവീണു. ആളപായമില്ല. കോതമംഗലം സെന്റ് ജോസഫ് കത്തീഡ്രലിലാണ് സംഭവം.