 പോസ്റ്ററും ബാനറും പതിക്കേണ്ട സർക്കാർ സ്ഥാപനങ്ങൾക്ക് ശുചിത്വ മാനദണ്ഡം

Wednesday 29 April 2026 12:00 AM IST

ആലപ്പുഴ: സർവീസ് സംഘടനകളുടേതുൾപ്പെടെ പോസ്റ്ററുകളും ബാനറുകളും പതിച്ച് ഇനി സർക്കാർ ഓഫീസുകൾ അലങ്കോലമാക്കില്ല. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ സർക്കാർ,അർദ്ധസർക്കാ‌ർ,പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 'ശുചിത്വ പെരുമാറ്റ മാനദണ്ഡം' നടപ്പാക്കാൻ നിർദ്ദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പരിശോധനയിൽ ലംഘനം കണ്ടെത്തിയാൽ സ്ഥാപനമേധാവിയുൾപ്പെടെയുള്ളവർക്ക് പിടിവീഴും.

സ്ഥാപനങ്ങളുടെ ഗേറ്റ് മുതൽ അകത്തെ വാതിൽവരെ ആകർഷകമാക്കുകയാണ് ലക്ഷ്യം. പുതിയ സർക്കുലർ പ്രകാരം ഓഫീസ് വളപ്പിൽ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകൾക്കും കർമ്മപരിപാടികളുടെ നോട്ടീസുകളും ബാനറുകളുമടക്കം സമ്പൂർണവിലക്കാണുള്ളത്. സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകൾ നോട്ടീസ് ബോ‌‌ർഡിലേ പതിക്കാവൂ. കൂടാതെ സർവീസ് സംഘടനാ പ്രതിനിധികളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി ഓഫീസ് മേധാവി സഹകരണം ഉറപ്പാക്കണം. അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗമാണ് എല്ലായിടത്തും പരിശോധന നടത്തുന്നത്.

ഓഫീസുകൾ പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തികേടാക്കുന്നതും കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുമ്പും വകുപ്പ് മേധാവികൾ മുഖേന നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പുതിയ ഇടപെടൽ. അതേസമയം, പൊതുജനങ്ങളും ജീവനക്കാരും ഉപയോഗിക്കുന്ന ടോയ്ലെറ്റുകളുടെ പരിപാലനവും പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

സർക്കാർ ഓഫീസും പരിസരവും ശുചിയായി സൂക്ഷിക്കണമെന്ന നിർദ്ദേശം ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ശുചിത്വപെരുമാറ്റ മാനദണ്ഡം രൂപീകരിക്കുന്നത്. ഇത് ഉറപ്പാക്കാൻ മിന്നൽ പരിശോധന നടത്തും.

- ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്,

ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം