'നിതിന്റെ മരണം ചിലരുടെ മാത്രം ദുഃഖം'; ഹർത്താലിന് ഐക്യദാർഢ്യവുമായി നടി മാലാ പാർവതി

Tuesday 28 April 2026 9:57 PM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെ പിന്തുണച്ച് നടി മാലാ പാർവതി. നിതിന്റെ മരണം ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കാണുന്ന പൊതുസമൂഹത്തിന്റെ മനോഭാവത്തെ നടി രൂക്ഷമായി വിമർശിച്ചു. വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ കേരളം പിന്നോട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ താരം അഭിപ്രായപ്പെട്ടു.

മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

'ഹർത്താൽ ഒരു സമരമാർഗമായി, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ, എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. 'ദളിത് പാർട്ടകളല്ലേ.. അവര് എന്ത് ചെയ്യാനാ' എന്ന നിലയിൽ, ചിലരെങ്കിലും, ഇന്നത്തെ ഹർത്താലിനെ കണ്ടു. സാധാരണ ഹർത്താൽ പ്രഖ്യാപനം വന്നാൽ, മുൻ കരുതലുകൾ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും?

നിതിൻ രാജിന്റെ മരണം ചിലരുടെ മാത്രം ദുഃഖമാണെന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കല്പിച്ച്.. പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു. സമരം ഒരു പ്രതിഷേധ മുറയാണ്.അത് കേരളത്തിൽ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ല. നിതിന്റെ മരണം ഒരു ഗൗരവമായ പ്രശ്നമാണ്. ഇൻസ്റ്റിറ്റ്യൂഷനുകളിലും, മറ്റ് പല ഇടങ്ങളിൽ, ഇക്കാലത്തും വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്.

നിതിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ആർക്കും ഒരു പ്രശ്നമല്ലാത്തത് പോലെ! വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ല. ഈ ഹർത്താൽ അവശ്യമായിരുന്നു എന്ന് തോന്നാൻ കാരണവുമതാണ്'.-മാലാ പാർവതി കുറിച്ചു.