മന്ത്രി ഓഫീസുകൾ ഒഴിഞ്ഞു തുടങ്ങി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ അഞ്ചു ദിവസം മാത്രം ശേഷിക്കെ, മന്ത്രിമാരുടെ ഓഫീസുകളിൽ നിന്നും ജീവനക്കാർ ഒഴിഞ്ഞു തുടങ്ങി. ഈ മാസം 30 വരെ തുടരാനായിരുന്നു നിർദ്ദേശം . മിക്കവരും ഈ ആഴ്ചയോടെ മന്ത്രി ഓഫീസുകൾ വിടാനുള്ള ഒരുക്കത്തിലാണ്.
ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവർ കഴിഞ്ഞ ആഴ്ചയോടെ മാതൃവകുപ്പുകളിലേക്ക് തിരികെ പോയിരുന്നു. ബാക്കിയുള്ളവരോട് ഈ മാസം കൂടി തുടരാനാണ് നിർദ്ദേശിച്ചിരുന്നത്. മന്ത്രിമാർ ഓഫീസിൽ വന്നാൽ ജീവനക്കാരുണ്ടാകണമെന്നതു
കൊണ്ടാണിത്. ഭൂരിപക്ഷം മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല. മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും മാത്രമാണ് എത്തുന്നത്. ഇവരും കുറച്ചു സമയം മാത്രമാണ് ഓഫീസിൽ ചെലവഴിക്കുന്നത്. മറ്റു ജില്ലകളിലുള്ള പല മന്ത്രിമാരും തിരഞ്ഞെടുപ്പിന് ശേഷം സെക്രട്ടേറിയറ്റിലേക്ക് എത്തിയിട്ടില്ല. ഇടതുമുന്നണി തന്നെ അധികാരത്തിൽ വന്നാലും ഇപ്പോഴുള്ള മന്ത്രിമാർക്ക് വീണ്ടും അവസരം ലഭിക്കണമെന്നില്ല.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നയപരമായ തീരുമാനങ്ങളെടുക്കാനോ പ്രഖ്യാപിക്കാനോ കഴിയില്ല. ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫയലുകൾ ബന്ധപ്പെട്ട സെക്ഷനുകൾ കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോഗം ഓൺലൈനായാണ് ചേർന്നത്. അടുത്ത മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ നിലവിലുള്ള മന്ത്രിമാർക്ക് തുടരാം. വോട്ടെണ്ണൽ കഴിയുന്നതോടെ ഓഫീസുകൾ ഒഴിയുകയാണ് പതിവ്. മന്ത്രി മന്ദിരങ്ങൾ വോട്ടെണ്ണലിനു ശേഷമായിരിക്കും ഒഴിയുക.