ചെന്നിത്തലയെ പ്രശംസിച്ച് പത്രഫീച്ചർ, പ്രിജിൻബാബുവിന് കാരണം കാണിക്കൽ നോട്ടീസ്

Wednesday 29 April 2026 12:10 AM IST

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ പ്രശംസിച്ച് പരസ്യ ഫീച്ചർ നൽകിയ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി പ്രിജിൻബാബുവിന് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. ചെന്നിത്തലയുടെ സംഘടനാ പ്രവർത്തന പാരമ്പര്യവും പൊതുജന സേവനങ്ങളും വിശദമാക്കിയുള്ള ഫീച്ചറാണ് ഇംഗ്ളീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ചത്.

കോൺഗ്രസിന്റെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായി ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി അറിയിച്ചു.

അതേസമയം, നോട്ടീസ് തനിക്കിതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ അതിനു മറുപടി നൽകുമെന്നും പ്രിജിൻബാബു പ്രതികരിച്ചു.