റബർ വില വർദ്ധന, കർഷകന് നേട്ടമി​ല്ല

Wednesday 29 April 2026 12:28 AM IST

കോന്നി : സംസ്ഥാനത്ത് റബർ വിലയിൽ വീണ്ടും ഉണ്ടായ വർദ്ധന ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ റബർ കർഷകർക്ക് കാര്യമായ നേട്ടം നൽകി​ല്ല. വൻകിട വ്യാപാരികൾക്കും കച്ചവടക്കാർക്കുമാകും ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക. റബർ വില ഇന്നലെ കിലോയ്ക്ക് 240 രൂപ രേഖപ്പെടുത്തിയപ്പോൾ, ചില ഡീലർമാർ 242 രൂപവരെ നൽകി ഷീറ്റ് വാങ്ങാൻ തയ്യാറായി​. റബർ കർഷകരുടെ കൈവശം വിൽപ്പനയ്ക്കായി ഷീറ്റുകൾ ഇല്ലാത്തതാണ് നി​ലവി​ലെ പ്രതി​സന്ധി​. കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും മൂലം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ടാപ്പിംഗ് ജനുവരി അവസാനത്തോടെ നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ വിപണിയിൽ ലഭ്യമായ റബ്ബർ ഷീറ്റുകളുടെ അളവ് കുറഞ്ഞു. ഈ കുറവ് മുതലെടുത്താണ് കച്ചവടക്കാർ ഉയർന്ന വിലയിൽ സ്റ്റോക്ക് ചെയ്ത ഷീറ്റുകൾ വിറ്റഴിച്ച് ലാഭം നേടുന്നത്.

2014ലെ ഉയർന്ന വിലയേക്കാൾ കൂടുതൽ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനയും ആഭ്യന്തര ഉത്പാദനക്കുറവുമാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

ഉത്പാദനം കുറഞ്ഞു

ടാപ്പിംഗ് ഇല്ലാത്തതി​നാൽ ഉത്പാദനം കുറഞ്ഞതും കൈവശം റബർ ഷീറ്റുകൾ ഇല്ലാത്തതും കാരണം കർഷകർക്ക് വിലവർദ്ധനവിന്റെ പ്രയഓജനം ലഭിക്കുന്നില്ല. കൃഷി ചെലവുകൾ ഉയരുകയും വരുമാനം അനിശ്ചിതമാവുകയും ചെയ്ത സാഹചര്യത്തിൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകുന്നു. വന്യമൃഗ ശല്യവും വർഷങ്ങളായി നിലനിൽക്കുന്ന വില തകർച്ചയും മൂലം മലയോര മേഖലയിലെ റബർത്തോട്ടങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്.

റബർ വില ഇന്നലെ കിലോയ്ക്ക് : 240 രൂപ

സ്റ്റോക്ക് സൂക്ഷിച്ച കച്ചവടക്കാർക്കും വൻകിട വ്യാപാരികൾക്കുമാണ്

വില വർദ്ധനവിന്റെ പ്രയോജനം ഏറെ ലഭിക്കുന്നത്.

റബർ വിലയിലുണ്ടായ വർദ്ധന കർഷകർക്ക് ആശ്വാസം പകരുന്നതാണെങ്കിലും ടാപ്പിംഗ് നിറുത്തിയതിനാൽ ചെറുകിട കർഷകരുടെ കൈവശം സ്റ്റോക്ക് ഇല്ലാത്ത അവസ്ഥയാണ്. ജേക്കബ് ജോർജ് (റബർ കർഷകൻ)