കഴിഞ്ഞ കാലത്തെ 'വെള്ളം കുടിപ്പിച്ച' ഹാൻഡ് പമ്പുകൾ ഓർമ്മകളിലേക്ക്

Wednesday 29 April 2026 12:39 AM IST
റാന്നി ഉതിമൂട്ടിൽ പ്രവർത്തനരഹിതമായ ഹാൻഡ് പമ്പ്

പത്തനംതിട്ട : കഴിഞ്ഞ നാളുകളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിരുന്ന ഹാൻഡ് പമ്പുകൾ ഇനി പുരാവസ്തുവാകും. റോഡിന്റെ വശങ്ങളിൽ കുഴൽക്കിണർ നിർമ്മിച്ച് ഭൂഗർഭജലം പൈപ്പിലൂടെ ഹാൻഡിലിന്റെ സഹായത്താൽ പമ്പ് ചെയ്തിരുന്ന കുടിവെള്ള പദ്ധതി പൂർണമായും ഉപേക്ഷിച്ചു. ഉയർന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ആസൂത്രണം ചെയ്ത രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഹാൻഡ് പമ്പുകൾ. മോട്ടോറും വൈദ്യുതിയും ഇല്ലാതെ കുഴൽക്കിണറിൽ നിന്ന് വെള്ളം ലഭ്യമാക്കുന്ന പദ്ധതി 1990കളിൽ സംസ്ഥാനത്ത് വ്യാപകമായിരുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ വീടുകളിൽ പൈപ്പുലൈനുകൾ എത്തുകയും ഒരേസമയം എല്ലാവർക്കും വെള്ളം ലഭ്യമാവുകയും ചെയ്തതോടെ ഹാൻഡ് പമ്പുകൾ ആളുകൾ ഉപയോഗിക്കാതായി.

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഭൂജല വകുപ്പാണ് കുഴൽക്കിണറുകൾ നിർമ്മിച്ചത്. ഹാൻഡ് പമ്പുകളുടെ പരിപാലനം പഞ്ചായത്തുകൾക്കാണ്. വാഹനങ്ങൾ തട്ടിയും മറ്റുമുള്ള തകരാർ കാരണം പ്രവർത്തനരഹിതമായ ഹാൻഡ് പമ്പുകൾ നാന്നാക്കാൽ പഞ്ചായത്തുകൾ ഫണ്ട് അനുവദിക്കാറില്ല. ഉപയോഗക്ഷമമായ ഹാൻഡ് പമ്പുകൾ വഴി സംസ്ഥാനത്ത് ഇപ്പോഴും വെള്ളം ശേഖരിക്കുന്നുമുണ്ട്.

റോഡ് വികസനത്തിന് തടസം

കുഴൽക്കിണറും ഹാൻഡ് പമ്പും പ്രവർത്തിക്കുന്ന ഭാഗങ്ങളിൽ റോഡിന് വീതികൂട്ടാൻ കഴിയുന്നില്ല. ഹാൻഡ് പമ്പുകൾ ഒഴിച്ചുനിറുത്തിയാണ് റോഡ് ടാർ ചെയ്യുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.

♦ സംസ്ഥാനത്ത് ആകെയുള്ള ഹാൻഡ് പമ്പുകൾ : 2800

90 ശതമാനവും പ്രവർത്തനരഹിതം

റോഡ് വക്കുകളിൽ കുഴൽക്കിണർ നിർമ്മാണം ഇപ്പോൾ നടക്കുന്നില്ല. കുടിവെള്ള പദ്ധതികളുടെ പൈപ്പുലൈനുകൾ എല്ലാമേഖലകളിലും എത്തിയതോടെ ഹാൻഡ് പമ്പുകളുടെ ഉപയോഗം കുറഞ്ഞു.

ഭൂജല വകുപ്പ്