പാമ്പ് ഭീതിയിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയം,​ ബാസ്കറ്റ്ബോൾ കോർട്ടിന് സമീപം മൂർഖനെ പിടികൂടി

Wednesday 29 April 2026 3:04 AM IST

തിരുവല്ല: അവധിക്കാലത്ത് മുൻസിപ്പൽ സ്റ്റേഡിയത്തിൽ കളിക്കാനെത്തിയ കുട്ടികൾ പാമ്പ് ഭീതിയിലായി. മുൻസിപ്പൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോൾ കോർട്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത് കളിക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം പരിശീലനം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഈ സമയം ചെറിയ കുട്ടികൾക്കായുള്ള കോച്ചിംഗ് ക്യാമ്പും സ്റ്റേഡിയത്തിൽ നടക്കുന്നുണ്ടായിരുന്നു. പരിശീലനത്തിന് നേതൃത്വം നൽകിയിരുന്ന കോച്ച് അനീഷാണ് പാമ്പിനെ ആദ്യം കണ്ടത്. കുട്ടികളെ ഉടൻ തന്നെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റാൻ അദ്ദേഹം നിർദ്ദേശം നൽകി. തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ കോച്ച് അനീഷ് പാമ്പിനെ സാഹസികമായി പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലാക്കി. കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവാകുകയായിരുന്നു. കോച്ചിന്റെയും ഡ്രൈവറുടെയും അവസരോചിതമായ പ്രവൃത്തിയെ രക്ഷിതാക്കളും കായിക പ്രേമികളും അഭിനന്ദിച്ചു. നഗരസഭയുടെ പബ്ലിക് സ്റ്റേഡിയത്തിന് ഏറെക്കാലമായി നാഥനില്ലാത്ത സ്ഥിതിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം നടത്തിയപ്പോൾ സ്റ്റേഡിയവും പരിസരവും വൃത്തിയാക്കിയിരുന്നു. എന്നാൽ തുടർ സംരക്ഷണം ഇല്ലാത്തതിനാൽ വീണ്ടും സ്റ്റേഡിയവും പരിസരവും കാട് വളരുകയാണ്. അവധിക്കാലമായതോടെ ദിവസവും നിരവധി കുട്ടികളാണ് കായിക പരിശീലനത്തിനായി ഇവിടെ എത്തുന്നത്. സ്റ്റേഡിയത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് കായിക പ്രേമികൾ ആവശ്യപ്പെട്ടു.