ക്രിക്കറ്റ് കളിക്കിടെ നാല് കുട്ടികൾക്ക് മിന്നലേറ്റു

Wednesday 29 April 2026 12:31 AM IST

തൃശൂർ: വെങ്ങിണിശേരിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. വെങ്ങിണിശേരി സ്വദേശികളായ നാരായണക്കാട്ടിൽ സുധാകരന്റെ മക്കളായ ജിഷ്ണു(15), സദു(12), കരേക്കാട്ടിൽ ജിതീഷിന്റെ മകൻ ശിവകൃഷ്ണ(14), കരിയിൽ വീട്ടിൽ ബിജേഷിന്റെ മകൾ അക്ഷര(13) എന്നിവർക്കാണ് പൊള്ളലേറ്റത്. കൈകളിലും തുടയിലുമാണ് പൊള്ളൽ.

ഇന്നലെ വൈകിട്ട് 5.30ന് വെങ്ങിണിശേരി കപ്പക്കാട്ട് പാടത്താണ് സംഭവം. കളിക്കിടെ ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു. പത്തോളം പേരാണ് പാടത്തുണ്ടായിരുന്നത്. ശിവകൃഷ്ണയ്ക്ക് ഉടൻ ബോധം നഷ്ടപ്പെട്ടു. അരഞ്ഞാണത്തിൽ മിന്നലേറ്റതോടെ നിലത്തുവീഴുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുട്ടികൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.