പൊള്ളുന്നേ.....
@കരിഞ്ഞുണങ്ങി കാർഷിക വിളകളും
കോഴിക്കോട്: ജില്ലയിൽ കടുത്ത വരൾച്ച തുടരുന്ന സാഹചര്യത്തിൽ കാർഷികമേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാധാരണയായി ഏപ്രിൽ പകുതിയോടെ അനുഭവപ്പെടാറുള്ള കടുത്ത വരൾച്ച ഇത്തവണ ജനുവരിയിൽ തന്നെ തുടങ്ങിയതാണ് കർഷകർക്ക് തിരിച്ചടിയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം നിരവധി പേർക്ക് സൂര്യാഘാതമേൽക്കുകയും ചെയ്തിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, റബ്ബർ, കുരുമുളക് തുടങ്ങിയ നാണ്യവിളകളെല്ലാം വേനലിന്റെ തീക്ഷ്ണതയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. കുന്നിൻ പ്രദേശങ്ങളിലെ തെങ്ങിൻ തൈകൾ വ്യാപകമായി നശിച്ചപ്പോൾ, വയലോരങ്ങളിൽ വളർത്തിയ തെങ്ങുകൾ തോടുകൾ വറ്റിയതോടെ ഉണങ്ങിത്തുടങ്ങി. അടയ്ക്ക ഉത്പാദനത്തിൽ ഇത്തവണ പകുതിയോളം കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. നാണ്യവിളകൾക്ക് പുറമെ ഓണം വിപണി ലക്ഷ്യമാക്കി ഇറക്കിയ വാഴക്കൃഷിയും നാശത്തിന്റെ വക്കിലാണ്. വലിയ തുക കടമെടുത്തും മറ്റും കൃഷി ആരംഭിച്ചവർ ഇതോടെ വലിയ കടക്കെണിയിലായി.നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമായിട്ടില്ല.
ക്ഷീരമേഖലയും പ്രതിസന്ധിയിൽ
വേനൽ ക്ഷീര കർഷകരേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തീറ്റപ്പുല്ല് ലഭ്യത കുറഞ്ഞതും അത്യുഷ്ണം കാരണമുള്ള രോഗങ്ങളും പാലിന്റെ ഉത്പാദനം പകുതിയായി കുറയാൻ കാരണമായി.ജില്ലയിൽ പ്രാദേശിക പാൽ സൊസൈറ്റികളിലും മറ്റുമായി വലിയതോതിൽ പാൽ അളന്നിരുന്ന കർഷകരിൽ പലർക്കും നേരത്തെ ലഭിച്ചിരുന്നതിന്റെ പകുതിപോലും ഇപ്പോൾ അളക്കാൻ കഴിയുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇത് ക്ഷീരകർഷകരുടെ വരുമാനം വലിയതോതിൽ ഇടിയാൻ കാരണമായിട്ടുണ്ട്.
കാലിത്തീറ്റ സബ്സിഡി വർധിപ്പിക്കണമെന്നും കൃഷിനാശത്തിന് അടിയന്തര നഷ്ടപരിഹാരം നൽകാൻ സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
"ഇനി നല്ല മഴ ലഭിച്ചാലും വിളകൾ അതിജീവിക്കുക പ്രയാസമായിരിക്കും. കൃഷിനാശം സംഭവിച്ച തെങ്ങുകളും മറ്റും വെട്ടി മാറ്റുമ്പോൾ സർക്കാരിൽ നിന്ന് ലഭിക്കുന്ന തുക ഉയർത്തണം."
-പുഷ്പരാജൻ. എൻ
കർഷകൻ, മുഴാപ്പാലം
വരൾച്ചാ പ്രതിരോധം.മൂടാടിയിൽ ഹീറ്റ് ക്ലിനിക്, കൂടരഞ്ഞിയിൽ ഗ്രീൻ ഷെഡ്
കോഴിക്കോട്: ജില്ലയിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ചയ്ക്കകം വരൾച്ച പ്രതിരോധ പദ്ധതി ആരംഭിക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാനും കുടിവെള്ള വിതരണം ഉറപ്പുവരുത്താനും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്. വകുപ്പുകളുടെ വരൾച്ചാ പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്തു. കുടിവെള്ളക്ഷാമത്തിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ളം വിതരണം ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാർഗരേഖ പ്രകാരം പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. മൂടാടി പഞ്ചായത്തിൽ ഹീറ്റ് ആക്ഷൻ പ്ലാൻ ക്ലിനിക്ക് ആരംഭിക്കുന്നതിന് ഫണ്ട് ലഭ്യമാക്കും. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് സെന്ററിൽ ഗ്രീൻ ഷെഡ് നിർമ്മിക്കാനും അനുമതി നൽകി. ജില്ലയിൽ അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു.
പാമ്പുകടി: സമയോചിത ചികിത്സ നൽകണംപാമ്പുകടിയേൽക്കുന്നവർക്ക് സമയോചിത ചികിത്സ ലഭ്യമാക്കാൻ എല്ലാ സംവിധാനവുമൊരുക്കാൻ ആരോഗ്യ വകുപ്പിന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം പൊതുജനങ്ങൾക്ക് നൽകുകയും ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കുകയും വേണം. പാമ്പുപിടിത്തക്കാരുടെ സേവനം വനം വകുപ്പ് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ എസ് സജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.