എഴുകോൺ റെയിൽവേ സ്റ്റേഷൻ: നവീകരണ ജോലികൾ നിലച്ചു

Wednesday 29 April 2026 12:03 AM IST
എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ് ഫോം നിർമ്മാണം പാതിവഴിയിൽ നിലച്ചപ്പോ8

എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ളാറ്റ് ഫോമിന്റെ നവീകരണ ജോലികൾ പാതിവഴിയിൽ മുടങ്ങി. പ്ളാറ്റ്ഫോമിന്റെ നീളം കൂട്ടൽ, ഉയരം കൂട്ടൽ, വശത്ത് കോൺക്രീറ്റ് സംരക്ഷണ ഭിത്തികെട്ടൽ തുടങ്ങിയ നിർമ്മാണ ജോലികളാണ് മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായാണ് രണ്ട് കരാറുകളായി നിർമ്മാണ ജോലികൾ തുടങ്ങിയത്. പ്ളാറ്റ് ഫോമിന് ഉയരം കൂട്ടുന്നത് വലിയ പ്രതീക്ഷയോടെ കാത്തിരുന്ന യാത്രക്കാരുണ്ട്. എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ടാണ് നിർമ്മാണ ജോലികൾ മുടങ്ങിയിട്ടുള്ളത്.

 ഉയരവും നീളവും കൂടും

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ളാറ്റ് ഫോമിന്റെ ഉയരക്കുറവ് പ്രായമായ യാത്രക്കാരെയും സ്ത്രീകളെയും നന്നായി ബാധിച്ചിരുന്നു. മെമു ഉൾപ്പടെയുള്ള സർവീസുകളിൽ കയറിപ്പറ്റാൻ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതിന് പരിഹാരം എന്ന നിലയിലാണ് 45 സെ.മീ ഉയരമുള്ള പ്ളാറ്റ് ഫോം 84 സെ.മീ ആയി ഉയർത്താൻ തീരുമാനിച്ചത്. ഒപ്പം 270 മീറ്റർ മാത്രം നീളമുള്ള പ്ളാറ്റ് ഫോം 576 മീറ്ററാക്കി വർദ്ധിപ്പിക്കാനും പദ്ധതി തയ്യാറാക്കി. 24 എൽ.എച്ച്.ബി കോച്ചുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് പ്ളാറ്റ് ഫോമിന്റെ നാളം കൂട്ടുക. 2 പ്രവൃത്തികളായിട്ടാണ് ഇവ കരാർ നൽകിയതും നിർമ്മാം തുടങ്ങിയതും.

 ഇഴഞ്ഞിഴഞ്ഞ് നിർമ്മാണം

എഴുകോണിലും ആര്യങ്കാവിലും നവീകരണം ഒറ്റ കരാറായിട്ടാണ് നൽകിയതെന്നാണ് വിവരം. എഴുകോണിലെ നിർമ്മാണ ജോലികൾ തുടക്കം മുതൽ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ്. പ്ളാറ്റ് ഫോമിന്റെ വശങ്ങൾ കെട്ടുന്നതും അതിർത്തി തിരിച്ചുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണവും ഏറെക്കുറെ പൂർത്തിയായി. മണ്ണിട്ട് ഉയർത്തുന്നതടക്കമുള്ള ജോലികൾ ഇനിയും ശേഷിക്കുന്നു. ഇപ്പോൾ നിർമ്മാണ ജോലികൾ മുടങ്ങിയത് യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങിയതടക്കം ഒട്ടേറെ പ്രശ്നങ്ങൾ നിർമ്മാണ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. മഴക്കാലമെത്തുംമുൻപായി എഴുകോണിലെ നിർമ്മാണ ജോലികൾ പൂർത്തിയായില്ലെങ്കിൽ അത് കൂടുതൽ ദുരിതങ്ങൾക്ക് കാരണമാകും.

 നിലവിൽ ......................  മാറ്റം വരുത്തുന്നത്

 പ്ലാറ്റ്‌ഫോം ഉയരം 45 സെ.മീ  84 സെ.മീ

 പ്ലാറ്റ്‌ഫോം നീളം270 മീറ്റർ  576 മീറ്റർ

 കോച്ച് ശേഷിപരിമിതം  24 എൽ.എച്ച്.ബി (LHB) കോച്ചുകൾ