കേരളത്തിലെ കോഴികള്‍ പെട്ടെന്ന് ചത്തൊടുങ്ങുന്നു; ആരോഗ്യമുള്ളവ പോലും രക്ഷപ്പെടുന്നില്ല

Wednesday 29 April 2026 12:13 AM IST

മംഗലം ഡാം: വേനല്‍ചൂട് രൂക്ഷമാകുന്നതിനൊപ്പം ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ വളര്‍ത്തുന്ന കോഴികള്‍ രോഗബാധ കൂടി കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങള്‍ ആശങ്കയുണര്‍ത്തുന്നു. മംഗല ഡാം, നെന്മാറ, വടക്കഞ്ചേരി, വിത്തിനശേരി, അയിലൂര്‍, പാളിയമംഗലം, ചക്രായി, കരിമ്പാറ തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് പ്രശ്‌നം വ്യാപകമായിരിക്കുന്നത്. അയിലൂരില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ അമ്പതിലേറെ കോഴികള്‍ ചത്തതായി നാട്ടുകാര്‍ പറയുന്നു. തീറ്റയെടുത്ത് ആരോഗ്യത്തോടെ നടക്കുന്നതിനിടെയാണ് കോഴികള്‍ക്ക് പെട്ടെന്ന് അസുഖ ലക്ഷണങ്ങള്‍ കാണുന്നത്.

ക്ഷീണം, ഭക്ഷണം കഴിക്കാത്തത്, ചിറകുകള്‍ താഴ്ത്തി നില്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്ന കോഴികള്‍ അടുത്തദിവസം തന്നെ ചത്തുപോവുകയാണ് പതിവ്. ഇതോടെ ചെറുകിട കോഴിവളര്‍ത്തല്‍ ആശ്രയിച്ചിരുന്ന വീട്ടമ്മമാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് പ്രദേശവാസികളും മൃഗസംരക്ഷണ പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. പലസ്ഥലങ്ങളിലും കോഴികളെ തുറസായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതോ ശരിയായി മൂടാതെ ഇടുന്നതോ മൂലം രോഗാണുക്കള്‍ മറ്റ് കോഴികളിലേക്ക് പകരാന്‍ സാദ്ധ്യത കൂടുതലാണ്.

വേനല്‍ക്കാലത്ത് ചൂട് കൂടുന്നതോടെ വൈറസ് ബാധകള്‍ക്ക് സാദ്ധ്യത കൂടുതലാണെന്നും വെള്ളക്ഷാമവും ചൂട് സമ്മര്‍ദ്ദവും കോഴികളുടെ പ്രതിരോധ ശേഷി കുറയ്ക്കുന്നതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ 24 മണിക്കൂറും കോഴികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുക. തണുത്തതും ഗുണമേന്മയുള്ളതുമായ തീറ്റ നല്‍കുക. കോഴിക്കൂടുകളില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക. കൂടാതെ പ്രതിരോധ കുത്തിവെപ്പുകള്‍ സമയബന്ധിതമായി നല്‍കുകയും അസുഖലക്ഷണങ്ങള്‍ കാണിക്കുന്ന കോഴികളെ ഉടന്‍ മറ്റു കോഴികളില്‍ നിന്ന് വേര്‍തിരിച്ച് പാര്‍പ്പിക്കുകയും ചെയ്യുന്നത് രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായകരമാണ്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ സമീപത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടല്‍ ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.