പഞ്ചാബി​ന്റെ പ്രഭ മാഞ്ഞു

Wednesday 29 April 2026 12:38 AM IST

പഞ്ചാബ് കിംഗ്സിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്

പഞ്ചാബ് കിംഗ്സ് 222/4, രാജസ്ഥാൻ റോയൽസ് 228/4

പഞ്ചാബിന്റെ പ്രഭ്സി​മ്രാനും (59) സ്റ്റോയ്നിസിനും (62*) അർദ്ധസെഞ്ച്വറി

രാജസ്ഥാന് ജയമൊരുക്കിയത് യശസ്വിയും (51), വൈഭവും (43) ഫെരേരയും (52*)

മുള്ളൻപുർ : ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സിനെ ഈ സീസണിലെ ആദ്യ തോൽവിയിലേക്ക് തള്ളിവിട്ട് രാജസ്ഥാൻ റോയൽസ്. ഇന്നലെ മുള്ളൻപുരിൽ ആറുവിക്കറ്റിനാണ് രാജസ്ഥൻ റോയൽസ് പഞ്ചാബിനെ കീഴടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് നേടിയത്. അർദ്ധസെഞ്ച്വറി നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിംഗും (59), മാർക്കസ് സ്റ്റോയ്നിസു(62നോട്ടൗട്ട്)മാണ് പഞ്ചാബിന് കരുത്തായത്. പ്രിയാംശ് ആര്യ (29), കൂപ്പർ കൊനോലി (30), ശ്രേയസ് അയ്യർ (30) എന്നിവരുടെ പിന്തുണയും സഹായകമായി.

മറുപടിക്കിറങ്ങിയ രാജസ്ഥാൻ നാലുപന്തുകൾ ശേഷിക്കേ നാലുവിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളും (27 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം 51 റൺസ്),ഡൊണോവൻ ഫെരേര (26 പന്താകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 52റൺസ്), 16 പന്തുകളിൽ മൂന്നുഫോറും അഞ്ച് സിക്സുമടക്കം 43 റൺസ് നേടിയ വൈഭവ് സൂര്യവംശി,12 പന്തുകളിൽ 31 റൺസുമായി പുറത്താകാതെനിന്ന ശുഭം ദുബെ എന്നിവർ ചേർന്നാണ് രാജസ്ഥാന് ജയമൊരുക്കിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ടിറങ്ങിയ പഞ്ചാബിനായി 11 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം 29 റൺസ് നേടിയ പ്രിയാംശ് ആര്യയെ മൂന്നാം ഓവറിൽ ആർച്ചർ പുറത്താക്കിയെങ്കിലും പ്രഭ്സിമ്രാനും കൂപ്പർ കൊനോലിയും ചേർന്ന് മുന്നോട്ടുനയിച്ചു. 14 പന്തുകളിൽ രണ്ടുഫോറും മൂന്ന് സിക്സും പറത്തിയ കൂപ്പർ കൊനോലിയെ ഒൻപതാം ഓവറിൽ യഷ്‌ രാജ് പുഞ്ച പുറത്താക്കിയപ്പോൾ പഞ്ചാബ് 96 റൺസിലെത്തിയിരുന്നു. തുടർന്ന് ശ്രേയസ് പ്രഭ്സിമ്രാന്

പിന്തുണ നൽകി. 14 ഓവറിൽ 144/3 എന്ന സ്കോറിലെത്തിയപ്പോഴാണ് പ്രഭ്സിമ്രാൻ പുറത്തായത്.44 പന്തുകളിൽ ആറുഫോറും ഒരു സിക്സുമടക്കമാണ് പ്രഭ്സിമ്രാൻ ഈ സീസണിലെ തന്റെ നാലാം അർദ്ധസെഞ്ച്വറി നേടിയത്. ശ്രേയസ് 18-ാം ഓവറിലാണ് പുറത്തായത്. 22 പന്തുകളിൽ നാലുഫോറും ആറുസിക്സും പായിച്ച സ്റ്റോയ്നിസ് പുത്താകാതെ നിന്നു.

മറുപടിക്കിറങ്ങിയ രാജസ്ഥാനായി വൈഭവ് തകർത്താടി. 3.2-ാം ഓവറിൽ അർഷ്ദീപിന്റെ പന്തിൽ അയ്യർ പിടികൂടി വൈഭവ് മടങ്ങുമ്പോൾ സ്കോർ ബോർഡിലെ 51 റൺസിൽ 43ഉം വൈഭവിന്റെ പേരിലായിരുന്നു. പിന്നീട് ധ്രുവ് ജുറേലിനെ(16)ക്കൂട്ടി യശസ്വി

ഉത്തരവാദിത്വം ഏറ്റെടുത്തു. 10-ാം ഓവറിൽ 105ൽ നിൽക്കേ ജുറേൽ മടങ്ങിയപ്പോൾ എത്തിയ ക്യാപ്ടൻ പരാഗ് പതിവിന് വിപരീതമായി 29 റൺസടിച്ചു. അർദ്ധ സെഞ്ച്വറി തികച്ചയുടൻ യശസ്വി പുറത്തായെങ്കിലും പകരമിറങ്ങിയ ഫെരേര ചേസിംഗിന്റെ താളം തെറ്റാതെ കാത്തു. 14-ാം ഓവറിൽ പരാഗ് പുറത്തായശേഷമിറങ്ങിയ ശുഭം ദുബെയെക്കൂട്ടി ഫെരേര വിജയത്തിലെത്തിച്ചു.