ഓഷ്യനേറിയം പദ്ധതി നടുക്കടലി​ൽ!

Wednesday 29 April 2026 12:43 AM IST

300 കോടിയുടെ പദ്ധതി, ഭൂമി ഏറ്റെടുക്കൽ പാളി

കൊല്ലം. തിരുമുല്ലാവാരത്ത് 300 കോടിയോളം രൂപ ചെലവിൽ ഓഷ്യനേറിയം ആൻഡ് മറൈൻ ബയോളജിക്കൽ മ്യൂസിയം സ്ഥാപിക്കുന്ന പദ്ധതി സ്തംഭനത്തിൽ. വി​ട്ടു നൽകേണ്ട സ്വകാര്യ ഭൂമി​യുടെ ഉടമകൾ അധി​കവി​ല ആവശ്യപ്പെടുന്നതാണ് പ്രധാന കാരണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നതിന് പിന്നാലെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർണമായും നിലച്ചിരിക്കുകയാണ്.

പദ്ധതിയുടെ മാസ്റ്റർ പ്ലാൻ പ്രകാരം ആകെ പത്തര ഏക്കറാണ് വേണ്ടത്. തിരുമുല്ലാവാരത്ത് ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഒരേക്കർ ഭൂമി പദ്ധതിക്കായി വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. ബാക്കി 9.5 ഏക്കർ ഭൂമി 42 സ്വകാര്യ വ്യക്തികളിൽ നിന്നാണ് വാങ്ങുന്നത്. കാലതാമസം ഒഴിവാക്കാൻ നെഗോഷ്യബിൾ പർച്ചേസ് ആക്ട് പ്രകാരമാണ് സ്ഥലം വാങ്ങൽ. സെന്റിന് അഞ്ച് ലക്ഷമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. 3.5 ഏക്കർ ഭൂമിയുടെ ഉടമസ്ഥർ സ്ഥലം വിട്ടുനൽകാൻ സമ്മതപത്രം നൽകി.

എന്നാൽ ചിലർ ഈ വി​ല അംഗീകരി​ച്ചി​ട്ടി​ല്ല. ഇവരുമായി വിലപേശൽ തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി രേഖകൾ സഹി​തം ഉദ്യോഗസ്ഥർ സമീപിച്ചപ്പോഴാണ് പലരും തങ്ങൾക്ക് തിരുമുല്ലാവാരത്ത് ഭൂമിയുണ്ടെന്ന വിവരം അറിഞ്ഞത്!

 ആദ്യഘട്ടം ഏറ്റെടുക്കുന്നത് മൂന്നര ഏക്കർ

വിട്ടുനൽകാൻ ഉടമകൾ സമ്മതിച്ചിട്ടുള്ള 3.5 ഏക്കർ ആദ്യഘട്ടമായി ഏറ്റെടുക്കും. ഇതിനിടെ ബാക്കി ഭൂമി വാങ്ങാനുള്ള നടപടികൾ തുടരും. ഇതിനൊപ്പം വിവിധ വകുപ്പുകളിൽ നിന്ന് അനുമതിക്കുള്ള ശ്രമവും നടക്കും. പ​ദ്ധ​തി​യു​ടെ ട്രാൻ​സാ​ക്ഷൻ അ​ഡ്വൈ​സ​റാ​യ ഏ​ണ​സ്​റ്റ്​ ആൻ​ഡ്​ യംഗിന്റെ നേതൃത്വത്തിൽ പദ്ധതി രൂപരേഖ തയ്യാറാക്കൽ പുരോഗമി​ക്കുകയാണ്. ഭൂമി വാങ്ങിയാലുടൻ സംരംഭകരെ കണ്ടെത്താനുള്ള ശ്രമം കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കും. നിർമ്മാണവും നടത്തിപ്പും സ്വകാര്യ പങ്കാളിത്തത്തോടെയാകും.

 കണക്കുകൾ തെറ്റി

42 ആഴ്ചയ്ക്കുള്ളിൽ സ്ഥലമേറ്റെടുക്കൽ അടക്കം എല്ലാ നടപടികളും പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനാണ് സർക്കാർ 2024 ഡിസംബറിൽ ഏ​ണ​സ്​റ്റ്​ ആൻ​ഡ്​ യംഗുമായി ധാരണാപത്രം ഒപ്പിട്ടത്. കഴിഞ്ഞ സെപ്തംബറിൽ നിർമ്മാണം തുടങ്ങേണ്ടതായിരുന്നു.

.........................................................

പ്രതീക്ഷിക്കുന്ന ചെലവ് 300 കോടി ട്യൂബ് അക്വേറിയം നീളം 250 മീറ്റർ

.............................................................

മറ്റ് സൗകര്യങ്ങൾ

 വിശാലമായ കൺവെഷൻ സെന്റർ  മറൈൻ ഫുഡ് പാർക്ക്  മറൈൻ ഫുഡ് കോർട്ട്  കുട്ടികളുടെ പാർക്ക്  സമുദ്ര ഗവേഷണ കേന്ദ്രം  ആഴക്കടൽ ജീവികളുടെ പ്രദർശനം  കടൽപ്പായൽ ഗവേഷണം  മൂല്യവ‌ർദ്ധിത വസ്തുക്കളുടെ നിർമ്മാണം