മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടത്തിൽ ഒരാൾ അറസ്റ്റിൽ

Wednesday 29 April 2026 12:56 AM IST

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിന് സമീപം സ‌ർവീസ് റോഡിൽ മന്ത്രി ചിഞ്ചുറാണിയുടെ ഔദ്യോഗിക വാഹനം അപകടത്തിൽ പെടാൻ ഇടയാക്കിയതിൽ കാറും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ആലംകോട് വഞ്ചിയൂർ സ്വദേശിയാണ് കസ്റ്റഡിയിലായത്.

തിങ്കൾ രാത്രി 9 നായിരുന്നു സംഭവം.കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനം.ഇതിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്.മന്ത്രിയുടെ വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ സർവീസ് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ഇടിച്ച് കാർ വെട്ടിതിരിഞ്ഞു.പിന്നാലെ വന്ന മന്ത്രിയുടെ വാഹനം ഇതിൽ ഇടിക്കുകയായിരുന്നു.

അപകടം ഉണ്ടാക്കിയ കാർ റോഡ് അരികിൽ പാർക്ക് ചെയ്‌തിരുന്ന മറ്റ് വാഹനങ്ങളിലും ഇടിച്ചു.നാട്ടുകാരും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.തുടർന്ന് മന്ത്രിയുടെ വാഹനം സുരക്ഷിതമായി കടത്തിവിട്ടു.അപകടത്തിൽ മന്ത്രിയുടെ വാഹനത്തിന്റെ മുൻ വശം ഭാഗികമായി തകർന്നു.

സ്ഥലത്ത് ഒരു പുതിയ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള തിരക്കാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ മന്ത്രി കടന്നുപോകുമെന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും സർവീസ് റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കം ചെയ്യാനോ പൊലീസ് സ്റ്റേഷന് സമീപത്തായി പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിരക്ക് നിയന്ത്രിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.