ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ തീപിടിത്തം
Wednesday 29 April 2026 1:56 AM IST
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയിലെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു സ്‌റ്റേഷന്റെ മുകളിലത്തെ നിലയിൽ തീപിടിത്തമുണ്ടായത്. വരാന്തയിൽ സ്ഥാപിച്ചിരുന്ന മീറ്റർ ബോക്‌സിനോട് ചേർന്നുളള സർവീസ് വയറിൽ ഷോട്ട് സർക്യൂട്ട് സംഭവിച്ചാണ് തീ പടർന്നതെന്നാണ് നിഗമനം. വയറിംഗും മീറ്റർ ബോക്‌സും കത്തിനശിച്ചു. കനത്ത പുകയാണ് സ്റ്റേഷനകത്ത് ഉയർന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സ്‌റ്റേഷനിലെ ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. തൊട്ടുപിന്നാലെ ഫയർഫോഴ്‌സെത്തി തീ പൂർണമായും അണച്ചു.