രഞ്ജിത്ത് യുവനടിയോട് ലൈംഗികാതിക്രമം നടത്തിയതിന് തെളിവുണ്ട്; അന്വേഷണം പൂർത്തിയാക്കി എസ്‌ഐടി
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ). രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയതിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ എസ്‌ഐടി നടൻ ബോബി കുര്യൻ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകി. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതായിരുന്നു ബോബി കുര്യനെതിരായ കുറ്റം. ഇതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അതിനാൽ, ഇന്റേണൽ കമ്മിറ്റി അംഗങ്ങൾ, സെറ്റിലുണ്ടായിരുന്നവർ ഉൾപ്പെടെ എല്ലാവരെയും ചോദ്യം ചെയ്‌തു. കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കുകയാണെന്നും എസ്‌ഐടി അറിയിച്ചു. രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.ബോബി കുര്യനെ നേരത്തേ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. മനഃപൂർവമുള്ള സഹായം ബോബി കുര്യൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ജാമ്യവ്യവസ്ഥയിൽ ഇളവുവേണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. മാർച്ച് 31നാണ് യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്ത് അറസ്റ്റിലാവുന്നത്. സിനിമാ സെറ്റിലെ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ജനുവരി 30നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ഇത് കള്ളക്കേസാണെന്നാണ് സബ് ജയിലിൽ എത്തിച്ചപ്പോൾ രഞ്ജിത്ത് പ്രതികരിച്ചത്.