ചൂട് മാറി മഴ ശക്തമാകുന്നു; രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത

Wednesday 29 April 2026 4:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് ജാഗ്രതാ നിർദേശമുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടുവരെ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

29/04/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം

30/04/2026 : ഇടുക്കി, കണ്ണൂർ, കാസർകോട്

01/05/2026 : പത്തനംതിട്ട, ഇടുക്കി, വയനാട്

02/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.