ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിന് ശിവഗിരിയിൽ തുടക്കം

Thursday 30 April 2026 12:25 AM IST

ശിവഗിരി: ശ്രീനാരായണഗുരുദേവൻ വിദ്യാദേവതയായി ശിവഗിരിയിൽ ശ്രീശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ 114-ാമത് വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ശിവഗിരിമഠത്തിന്റെയും ഗുരുധർമ്മ പ്രചരണസഭയുടെയും ആഭിമുഖ്യത്തിൽ 64-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന് തുടക്കമായി. പുലർച്ചെ പർണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധി സന്നിധിയിലും വിശേഷാൽ പൂജകളും പ്രാർത്ഥനയും നടന്നു. ശാരദാമഠത്തിൽ നിന്നു ധർമ്മപതാക ഏറ്റുവാങ്ങി സന്ന്യസിമാർ ഉൾപ്പെടെയുള്ളവർ പ്രാർത്ഥനാ മന്ത്രം ഉരുവിട്ട് ഘോഷയാത്രയായി എത്തിച്ച ധർമ്മപതാക ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉയർത്തിയതോടെയാണ് ആരംഭം കുറിച്ചത്. സമ്മേളനത്തിന് മുന്നോടിയായി ധർമ്മസംഘം മുൻ ട്രഷറർ സ്വാമി പരാനന്ദ ദീപം തെളിച്ചു. ഉദ്ഘാടനസമ്മേളനം യാക്കോബാസഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു . സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും ട്രഷറർ സ്വാമി ശാരദാനന്ദ പരിഷത്ത് സന്ദേശവും ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ മുഖ്യപ്രഭാഷണവും നടത്തി. മുൻ ഡി.ജി.പി ടി.പി സെൻകുമാർ, ജി.ഡി.പി.എസ് (കർണ്ണാടക)യുവജനവിഭാഗം ചെയർമാൻ ഗോപികൃഷ്ണ എന്നിവർ സംസാരിച്ചു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ നന്ദിയും പറഞ്ഞു . ദൈവദശകത്തിന്റെ ആഴം എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദയും ജാതിനിർണ്ണയം എന്ന വിഷയത്തിൽ പ്രൊഫ.കെ.എം.ഭരതനും ആത്മോപദേശത്തിലെ ബ്രഹ്മത്വം എന്ന വിഷയത്തിൽ ഡോ. ഉഷാ രാജവാര്യരും പഠനക്ലാസ് നയിച്ചു. മഹാസമാധി സന്നിധിയിൽ വൈകിട്ട് ഗുരുദേവ മന്ത്രാർച്ചനയും സത്സംഗവും നടന്നു. തുടർന്ന് നടന്ന ബ്രഹ്മവിദ്യാർത്ഥി സമ്മേളനം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ദേവാത്മാനന്ദ മുഖ്യപ്രഭാഷണവും സ്വാമി ശ്രീനാരായണദാസ്, സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി സുകൃതാനന്ദ , ബ്രഹ്മചാരികൾ തുടങ്ങിയവർ പ്രഭാഷണങ്ങളും നടത്തി.