സർക്കാരിനെ വിമർശിച്ചു, ബി അശോകിന് സസ്പെൻഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നയങ്ങളെയും വകുപ്പുകളുടെ പ്രവർത്തനത്തെയും മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചതിന് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ സസ്പെൻഡ് ചെയ്തു.
സൈനിക ക്ഷേമ യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അശോക്. ആ സ്ഥാനത്ത് നിന്നു സസ്പെൻഡ് ചെയ്തുകൊണ്ടാണ് ചീഫ് സെക്രട്ടറി എ. ജയതിലക് ഉത്തരവിറക്കിയത്. സസ്പെഷൻ വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചു. എന്നാൽ, കാർഷിക സർവകലാശാല വി.സി സ്ഥാനത്ത് അശോകിന് തുടരാനാവും. സർവകലാശാല വി.സിക്കെതിരെ നടപടിയെടുക്കേണ്ടത് ഗവർണറാണ്.
ഈ മാസം 13വരെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അവധിയായത് മുതലെടുത്താണ് തിടുക്കത്തിലുള്ള സസ്പെൻഷൻ എന്നാണറിയുന്നത്. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെയാണ് നടപടി. നിയമസഭ തിരഞ്ഞെടുപ്പുഫലം കാത്തിരിക്കേ കാവൽ സർക്കാരാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. പുതിയ സർക്കാരിന് സസ്പെൻഷൻ പുനഃപരിശോധിക്കാനാവും.
ചെന്നൈയിലെ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓഫീസിലെത്തിയതിനു പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥൻ എന്നനിലയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നാണ് ഉത്തരവിന്റെ ചുരുക്കം. ഇടത് സംഘടന പ്രതിനിധികളായ കെ.ഒ. അശോകൻ, സജീവ് ദിവാകരൻ എന്നിവർ നൽകിയ ഇ-മെയിൽ പരാതിയിലാണ് നടപടി.
വിമർശനം പ്രകോപിപ്പിച്ചു
1 തുടർഭരണം ഫാസിസ്റ്റ് മനോഭാവമാണെന്നതടക്കമുള്ള വിമർശനം ചില അഭിമുഖങ്ങളിൽ നടത്തിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. വൈദ്യുതി ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും വിമർശനമുണ്ടായിരുന്നു
2 സർക്കാരിന്റെ മുൻകൂർ അനുമതി നേടാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഇടപെട്ടെന്നും പരാതിയുണ്ടായിരുന്നു. നിലവിൽ സസ്പെൻഷനിലുള്ള എൻ. പ്രശാന്തിനൊപ്പം നവമാദ്ധ്യമങ്ങൾ വഴിയുള്ള ചില ചർച്ചകളിലും അശോക് പങ്കെടുത്തിരുന്നു
3 കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അശോകിനെ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് സൈനിക ക്ഷേമ വകുപ്പിലേക്ക് മാറ്റിയത്
''സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണ്. ഉചിതമായ സമയത്ത് കോടതിയെ സമീപിക്കും. സർക്കാരിനെതിരായ പ്രസ്താവനയേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. പരാതിയിൽ പരിശോധന നടത്താതെ പ്രതികാര നടപടിയെന്നോണമാണ് സസ്പെൻഷൻ. ഉത്തരവ് താരതമ്യേന ദുർബലമാണ്. നിയമപരമായി നിലനിൽക്കില്ല.""
-ബി.അശോക് കേരളകൗമുദിയോട് പറഞ്ഞത്
പുനഃപരിശോധിക്കും: രമേശ് ചെന്നിത്തല
''യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇത്തരം തെറ്റായ പ്രതികാര നടപടികൾ പുനഃപരിശോധിക്കും. സത്യസന്ധമായി സേവനം അനുഷ്ഠിക്കുകയും അഴിമതികൾക്ക് കൂട്ടുനിൽക്കാതിരിക്കുകയും ചെയ്യുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ തുടരുന്ന പ്രതികാര നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബി.അശോകിന് നൽകിയ സസ്പെൻഷൻ.സാമൂഹ്യ മാദ്ധ്യമങ്ങളിൽ സംസാരിച്ചു എന്ന ഇടതുപക്ഷ സംഘടനകളുടെ പരാതിയുടെപേരിലാണ് നടപടി! -രമേശ് ചെന്നിത്തല