കത്തുന്ന ക്രൂഡിൽ വിറച്ച് സാമ്പത്തിക രംഗം

Thursday 30 April 2026 12:57 AM IST

രൂപയ്ക്ക് റെക്കാഡ് വിലത്തകർച്ച

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില നാല് വർഷത്തെ ഉയർന്ന തലത്തിലേക്ക് നീങ്ങിയതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കാഡ് തകർച്ച. എണ്ണ വിലക്കുതിപ്പ് രാജ്യത്തെ സാമ്പത്തിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ കറന്റ് അക്കൗണ്ട്, വ്യാപാര കമ്മി കുതിച്ചുയരാൻ സാദ്ധ്യതയേറി. ഇതോടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം രൂക്ഷമായേക്കും. ലോകത്തിന്റെ മൊത്തം ചരക്കുഗതാഗതത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴിയിലെ തടസങ്ങളാണ് ക്രൂഡ് വില ഉയർത്തുന്നത്.

യുദ്ധ സാഹചര്യം അനിശ്ചിതമായി നീണ്ടാൽ വില ബാരലിന് 150 ഡോളർ വരെ ഉയരുമെന്ന ആശങ്ക ശക്തമാണ്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിന്റെ കരുത്തും രൂപയ്ക്ക് തിരിച്ചടിയായി. ഡോളറിനെതിരെ രൂപ 14 പൈസയുടെ നഷ്‌ടത്തോടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 94.82ൽ അവസാനിച്ചു. ചൊവ്വാഴ്ച രൂപ മൂല്യം 53 പൈസയുടെ കുറഞ്ഞിരുന്നു.

ആഗോള വിപണികളിൽ സമ്മർദ്ദം

യൂറോപ്പിലെയും അമേരിക്കയിലെയും ഓഹരി വിപണികളിലും കനത്ത ഇടിവുണ്ടായി. നടപ്പുവർഷം ഇന്ധനവില 24 ശതമാനം കൂടുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ. വിപണിയിൽ അനിശ്ചിത്വമേറിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചു. യു.എസ് കടപ്പത്രങ്ങളുടെ മൂല്യവും ഉയർന്നു

ക്രൂഡ് നാല് വർഷത്തെ ഉയർന്ന തലത്തിൽ

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുമെന്ന വിലയിരുത്തലിൽ ക്രൂഡോയിൽ വില നാല് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. ഇറാനെതിരെ ശക്തമായ ബ്ളോക്കേഡിന് അമേരിക്ക ഒരുങ്ങുകയാണെന്ന റിപ്പോർട്ടാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 115 ഡോളറിലേക്ക് ഉയർത്തിയത്. 2022 ജൂണിന് ശേഷം ഇതാദ്യമായാണ് ക്രൂഡോയിൽ വില ബാരലിന് 115 ഡോളറിലെത്തുന്നത്. അമേരിക്കൻ ക്രൂഡിന്റെ വില 103 ഡോളർ കവിഞ്ഞു, ഏപ്രിൽ 17ന് ഇറാനും അമേരിക്കയും വെടിനിറുത്തലിന് തയ്യാറായതോടെ ക്രൂഡോയിൽ വില ബാരലിന് 87 ഡോളർ വരെ താഴ്ന്നതിന് ശേഷമാണ് വീണ്ടും കുതിച്ചുയരുന്നത്.

സ്വർണവും താഴേക്ക് രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 38 ഡോളർ കുറഞ്ഞ് 4,556 ഡോളറിലെത്തി. കേരളത്തിൽ പവൻ വില രാവിലെ കൂടിയതിന് ശേഷം വൈകിട്ട് കുറഞ്ഞു. പവന് നിലവിൽ വില 1,10,320 രൂപയിലാണ്.