അവയവദാന അപേക്ഷ തള്ളിയതിൽ ഹൈക്കോടതി ഇടപെടൽ

Thursday 30 April 2026 12:25 AM IST

കൊച്ചി:ദാതാവിന്റെയും സ്വീകർത്താവിന്റെയും മതം വ്യത്യസ്തമായതിനാൽ 'സൗഹൃദബന്ധം" തെളിയിക്കാനായില്ലെന്നു പറഞ്ഞ് വൃക്കദാനത്തിനുള്ള അപേക്ഷ ജില്ലാതല ഓതറൈസേഷൻ സമിതി നിരസിച്ചതിൽ ഹൈക്കോടതി ഇടപെടൽ.അപേക്ഷ നിരസിച്ചതിനെതിരെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ അപ്പീലിൽ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാൻ ജസ്റ്റിസ് പി. കൃഷ്ണകുമാർ ഉത്തരവിട്ടു.അവയവദാതാവായ അമ്പലപ്പുഴ സ്വദേശിനി നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.രക്തബന്ധമില്ലാത്തവർ തമ്മിലാണ് അവയവദാനമെങ്കിൽ,പരോപകാരപ്രദമായ അടുപ്പമുണ്ടെന്ന് ഇവർ സ്ഥാപിക്കണമെന്നാണ് നിയമം.എറണാകുളം പുത്തൻകുരിശ് സ്വദേശിക്ക് വൃക്ക നൽകാൻ തയാറായത് ഭാര്യയുടെ സുഹൃത്തെന്ന് പറയുന്ന അമ്പലപ്പുഴ സ്വദേശിനിയാണ്.ഇവർ തമ്മിൽ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിൽ വച്ചുള്ള പരിചയവും സൗഹൃദവുമുണ്ടെന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്.എന്നാൽ ഇരുവരും വ്യത്യസ്ത മതവിശ്വാസികളായതിനാൽ ധ്യാനകേന്ദ്രത്തിൽ വച്ചുള്ള സൗഹൃദമെന്ന വാദം ശരിയാകാൻ സാദ്ധ്യതയില്ലെന്ന അഭിപ്രായത്തോടെ സംയുക്ത അപേക്ഷ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചെയർമാനായ ഓതറൈസേഷൻ സമിതി തള്ളുകയായിരുന്നു.