ക്യാൻസർ രോഗിയെ തടഞ്ഞ ഹർത്താൽ അനുകൂലി റിമാൻഡിൽ

Thursday 30 April 2026 12:29 AM IST
അജിമോൻ

തിരുവല്ല : ദളിത് സംഘടനകളുടെ ഹർത്താൽ ദിനത്തിൽ ആശുപത്രിയിലേക്ക് പോയ ക്യാൻസർ രോഗിയേയും ഭാര്യയേയും തടയുകയും അധിക്ഷേപിക്കുകയും ചെയ്ത സമരസമിതി നേതാവിനെ റിമാൻഡ് ചെയ്തു. തിരുവല്ല ചുമത്ര കുറ്റപ്പുഴ ചാലക്കേരിയിൽ അജിമോൻ (50)നെയാണ് പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചത്. ഹർത്താൽ ദിനത്തിൽ രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കായി എത്തിയ കാലടി സ്വദേശിയേയും ഭാര്യയെയുമാണ് അജിമോന്റെ നേതൃത്വത്തിൽ തടയുകയും അധിക്ഷേപിക്കുകയും ചെയ്തത്. തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്തായിരുന്നു സംഭവം. ക്യാൻസർ രോഗിയാണെന്നും അത്യാവശ്യ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുകയാണെന്നും തടയരുതെന്നും സമരാനുകൂലികളോട് കേണപേക്ഷിച്ചിട്ടും ഇവർ വഴങ്ങിയില്ല. പട്ടികജാതിക്കാരുടെ ഹർത്താൽ പൊളിക്കാൻ ശ്രമിക്കുന്നു വെളുത്ത പൊലീസെന്ന് അധിക്ഷേപ മുദ്രവാക്യം വിളിക്കുകയും ചെയ്തു. പൊലീസ് വാഹനത്തിൽ രോഗിയെയും ഭാര്യയേയും കോഴഞ്ചേരിയിലെ സ്വകാര്യ ക്യാൻസർ ചികിത്സ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് അജിമോനെ അറസ്റ്റു ചെയ്യുകയായിരുന്നു. സമരാനുകൂലികൾക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതയിൽ ഹാജരാക്കിയ അജിമോനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.