ഗവ. കോളേജ് പ്രിൻസിപ്പൽ നിയമനം: നുഴഞ്ഞു കയറാൻ 6സംപൂജ്യർ പട്ടികയിൽ

Thursday 30 April 2026 12:49 AM IST

തിരുവനന്തപുരം:ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ യോഗ്യതാനിർണപ്രകാരം പൂജ്യം മാർക്ക് ലഭിച്ച ആറുപേർ ഇടംപിടിച്ചു.

അഭിമുഖത്തിൽ പങ്കെടുക്കാത്ത ഇവർക്ക് പൂജ്യം മാർക്ക് നൽകി വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.

മെരിറ്റിലുള്ളവർ പദവിയിലേക്ക് വരാതിരുന്നാൽ തിരുകിക്കയറ്റാനുള്ള പഴുത് ഒരുക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

അക്കാഡമിക് പെർഫോമൻസ് ഇൻഡക്സിൽ 110 സ്കോറും 10 ഗവേഷണപേപ്പറും 15വർഷം സർവീസുമുള്ള ഇവരെ സർട്ടിഫിക്കറ്റ് പരിശോധനയുടെ മാത്രം അടിസ്ഥാനത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. നിയമനത്തിന് അഭിമുഖം നടത്തണമെന്ന് യു.ജി.സി നിർദ്ദേശിച്ചിരുന്നില്ലെങ്കിലും ഇവിടെ നിർബന്ധമാക്കുകയും പങ്കെടുക്കാത്തവരെ പട്ടികയിലുൾപ്പെടുത്തുകയും ചെയ്തു.

15വർഷത്തിൽ കുറയാത്ത സർവീസുള്ള അദ്ധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ച് 5 വർഷ കാലാവധിയിൽ പ്രിൻസിപ്പൽ നിയമനം നടത്തണമെന്നാണ് യു.ജി.സി ചട്ടം.

അതിനു വിരുദ്ധമായി മാനദണ്ഡങ്ങൾ പലവട്ടം മാറ്റിയതിനാൽ മൂന്ന് നിയമന ലിസ്റ്റുണ്ടാക്കി.

രണ്ടാം ലിസ്റ്റിൽ 43 സ്കോറുണ്ടായിരുന്ന അദ്ധ്യാപന് മൂന്നാം ലിസ്റ്റിൽ ഒരുമാർക്ക് മാത്രം. ഇദ്ദേഹം അഭിമുഖത്തിൽ പങ്കെടുത്തില്ലെങ്കിലും അക്കാഡമിക് മികവ് പരിഗണിച്ച് ഒരു മാർക്ക് നൽകയെന്നാണ് സൂചന. ആദ്യപട്ടിക പിന്നീട് റദ്ദാക്കിയെങ്കിലും

നിയമിതരായ എട്ടുപേർ പ്രിൻസിപ്പൽമാരായി തുടരുന്നുണ്ട്. ഒരാൾ കോടതിയെ സമീപിച്ച് തുടരാനുള്ള ഉത്തരവ് നേടിയിട്ടുണ്ട്.

നിയമനത്തിന് വിജ്ഞാപനമിറക്കിയശേഷം, ഗവേഷണ സ്കോറിന് അമിതപ്രാധാന്യം നൽകി മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയായിരുന്നു. സർക്കാരിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാമെങ്കിലും വിജ്ഞാപനമിറക്കിയശേഷം പാടില്ലെന്നാണ് ചട്ടം.

'വേണ്ടപ്പെട്ടവരെ' നിയമിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഗൈഡുമാർക്ക് മാത്രം പ്രിൻസിപ്പലാവാമെന്ന വ്യവസ്ഥ യു.ജി.സി ഒഴിവാക്കിയതാണെങ്കിലും ഇവിടെ ഗൈഡുമാർക്ക് വെയ്റ്റേജ് നൽകി. ആദ്യലിസ്റ്റിൽ വിരമിച്ച പത്തുപേരെ ഒഴിവാക്കിയെങ്കിലും അന്തിമപട്ടികയിൽ വിരമിച്ച 18പേരെ ഉൾപ്പെടുത്തി. കോടതിയിൽ തിരിച്ചടി ഭയന്ന് ഇവരെ നിയമിച്ചിട്ടില്ല.

വിദേശത്ത് പോയയാളും പട്ടികയിൽ

കൊച്ചിയിലെ കോളേജിലെ അദ്ധ്യാപകൻ അറബ് രാജ്യത്തെ സർവകലാശാലയിൽ 'ഡെപ്യൂട്ടേഷനിൽ' പോയെങ്കിലും നിയമനപട്ടികയിൽ ഇടംപിടിച്ചു.

സ്പീക്കറുടെ പ്രസ് സെക്രട്ടറിയായും സിവിൽസർവീസ് പരിശീലന കേന്ദ്രം ഡയറക്ടറായും ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവരും ആ കാലയളവിലെ സർവീസ് കൂടി ഉൾപ്പെടുത്തി പട്ടികയിൽ കടന്നുകൂടി.

ഡെപ്യൂട്ടേഷനിലായിരുന്നപ്പോൾ അദ്ധ്യാപനവും ഗവേഷണവുമാണ് നടത്തിയതെന്നതിന്റെ രേഖ അഭിമുഖസമയത്ത് ഹാജരാക്കേണ്ടതാണ്. ഐ.എ.എസുദ്യോഗസ്ഥയുടെ സഹോദരിയും ഇത്തരത്തിൽ കടന്നുകൂടിയിട്ടുണ്ട്.