അഡൂരിൽ 'സ്വർണ്ണ മോതിരമിട്ട' പാമ്പിനെ കണ്ടെത്തി
കാസർകോട്: കനത്ത ചൂടു മൂലം നാടെങ്ങും പാമ്പുകളിറങ്ങുന്ന സംഭവം പതിവായതിനിടയിൽ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂരിൽ 'സ്വർണ്ണ മോതിരമിട്ട പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയോടെ അഡൂർ, പതിക്കാലിലെ രവിയുടെ വീട്ടിലെ മരത്തിൽ നിർമ്മിച്ച മേശവലിപ്പിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികളാണ് മേശവലിപ്പിനകത്ത് പാമ്പിനെ ആദ്യം കണ്ടത്. വിവരം വീട്ടിലെ മുതിർന്നവരോട് പറഞ്ഞു. വീട്ടുകാർ ഫോറസ്റ്റർ കൃഷ്‌ണനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി പാമ്പിന്റെ സാന്നിധ്യം ഉറപ്പിച്ച ശേഷം പാണ്ടിയിലെ അനിൽ, എവത്തൂരിലെ മഹേഷ് എന്നിവരെ വിവരമറിയിച്ചു.
ഇരുവരും സ്ഥലത്തെത്തി മേശവലുപ്പു തുറന്ന് നോക്കിയപ്പോൾ പാമ്പിനെ കണ്ടു. വിശദ പരിശോധനയിൽ ചേരയാണെന്നും ശരീരത്തിൽ വലിയ സ്വർണ്ണമോതിരം കുടുങ്ങിക്കിടക്കുന്നതായും കണ്ടു. മോതിരം കുടുങ്ങിയതിനാൽ പാമ്പ് അവശനിലയിലായിരുന്നു. തുടർന്ന് പാമ്പിനെ മേശവലുപ്പിൽ നിന്നു പുറത്തെടുത്ത് മോതിരം മുറിച്ചു മാറ്റി ചേരയെ കാട്ടിനകത്തേക്ക് വിട്ടയച്ചു. ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്നു ഫോറസ്റ്റർ കൃഷ്‌ണൻ പറഞ്ഞു.