എം.ബി.ബി.എസ് സീറ്റ് വർദ്ധന; നിബന്ധനകൾ നീക്കി
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് പുതിയ സീറ്റുകൾ അനുവദിക്കാൻ ഏർപ്പെടുത്തിയ നിബന്ധനകൾ പിൻവലിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി). ഒരു കോളേജിലെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 150ആയി പരിമിതപ്പെടുത്തണമെന്ന വ്യവസ്ഥയും സംസ്ഥാനങ്ങൾ 10 ലക്ഷം ജനസംഖ്യയ്ക്ക് 100 സീറ്റുകൾ എന്ന അനുപാതം നിലനിർത്തണമെന്ന നിബന്ധനയുമാണ് കമ്മീഷൻ നീക്കം ചെയ്‌തത്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ആശുപത്രി അരമണിക്കൂർ യാത്ര ചെയ്‌താൽ എത്തുന്ന ദൂരത്ത് വേണമെന്ന മാനദണ്ഡം പരിഷ്‌കരിച്ച് പരമാവധി 10കി.മീ.ദൂരം എന്നാക്കി. 27ന് ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് രാജ്യത്തുടനീളമുള്ള മെഡിക്കൽ സീറ്റുകളിൽ ഗണ്യമായ വർദ്ധനവിന് ഇടയാക്കുന്ന തീരുമാനം കമ്മിഷൻ പ്രഖ്യാപിച്ചത്. 2024–25 അദ്ധ്യയന വർഷം നിലവിൽ വന്ന പുതിയ മെഡിക്കൽ കോളേജുകൾക്കും നിലവിലുള്ള കോഴ്‌സുകളുടെ വിപുലീകരണത്തെയും നിയന്ത്രിക്കുന്ന 2023ലെ ചട്ടങ്ങൾ ഭേദഗതി ചെയ്‌താണിത്.