'എയറിൽ" നിന്നിറങ്ങി: പൊന്മുണ്ടം ബൈപാസ് അപ്രോച്ച് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു
തിരൂർ : പൊലീസ് ലൈൻ - പൊൻമുണ്ടം ബൈപാസ് റോഡിന്റെ പ്രവർത്തനം പുരോഗമിക്കുന്നു. റെയിൽവേ ബ്രിഡ്ജ്
നിർമ്മാണം പൂർത്തിയാക്കി 10 വർഷങ്ങൾക്കു ശേഷമാണ് പൊറ്റിലത്തറയിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. പൊലീസ്‍ ലൈൻ – പൊന്മുണ്ടം ബൈപാസിനു വേണ്ടി 2015ലാണ് റെയിൽവേക്ക് കുറുകെ പാലം നിർമ്മിച്ചത്. റെയിൽവേ പാലം പറഞ്ഞ സമയത്ത് പണി തീർത്ത് സംസ്ഥാന സർക്കാരിനെ ഏൽപിച്ചു. എന്നാൽ അപ്രോച്ച് റോഡ് നിർമ്മിക്കാൻ അധികൃതർ ഫണ്ട് നൽകിയില്ല. ഇതോടെ പാലം കഴിഞ്ഞ പത്ത് വർഷമായി ‘എയറിലാണ് '. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പാലവും ചർച്ചയായി. ബഡ്ജറ്റുകളിലൊന്നും റോഡ് നിർമ്മാണത്തിന് പണം അനുവദിച്ചിരുന്നില്ല. മരാമത്ത് വകുപ്പ് 27.5 കോടി രൂപയുടെ എസ്റ്റിമേറ്റുണ്ടാക്കി സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല.
ഒടുവിൽ കേന്ദ്രസർക്കാരിന്റെ സേതുബന്ധൻ പദ്ധതി വഴി ഫണ്ട് ലഭിച്ചു. 2023 ഏപ്രിലിലോടെ പണം ലഭിച്ചെങ്കിലും അനുമതികൾക്കായുള്ള കാത്തിരിപ്പ് നീണ്ടു. സാങ്കേതിക ഭരണാനുമതികൾ ലഭിച്ചതിനെ തുടർന്ന് 2025 ഫെബ്രുവരി അവസാനത്തോടെ ടെൻഡർ നടപടികൾ തുടങ്ങി. ഇതിനിടെ മഴ വന്നതോടെ, റോഡ് പണി പിന്നെയും നീണ്ടു. ഒടുവിൽ ഇരുവശങ്ങളിലായി തൂണിന്റെ നിർമ്മാണം ആരംഭിക്കുകയായിരുന്നു.
നിർമ്മാണം ഇങ്ങനെ
പൊലീസ് ലൈൻ ഭാഗത്തേക്ക് ആറ് തൂണുകളും ഏഴൂർ ഭാഗത്തേക്ക് ഏഴ് തൂണുകളുമാണ് നിർമ്മിക്കുന്നത്.
375 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.
ഒന്നര മീറ്റർ വീതം രണ്ട് സൈഡിൽ നടപ്പാതയും നിർമ്മിക്കുന്നുണ്ട്.
18 മാസത്തിനുള്ളിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ടെൻഡറിൽ പറഞ്ഞിരുന്നത്. അതിൽ ആറ് മാസക്കാലം പിന്നിട്ടു. ഒരു വർഷത്തിനുള്ളിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.
വലിയ ആശ്വാസമാവും
പാലം പണി പൂർത്തിയായാൽ തിരൂർ നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും.
ചമ്രവട്ടം പാതയിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇതുവഴി നഗരം തൊടാതെ മലപ്പുറം പാതയിലേക്കെത്താം.
പൊന്മുണ്ടം ബൈപാസ് റോഡിന്റെ പണിയും പുരോഗമിക്കുന്നുണ്ട്.
നാലാം റീച്ചിന്റെ പണി ഫെബ്രുവരിയിൽ തുടങ്ങിയിരുന്നു.