ബംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ 7 മരണം
ബംഗളൂരു: ബംഗളുരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ മതിൽ തകർന്നുവീണ് വിനോദയാത്രയ്ക്കയുടെ ഭാഗമായെത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ രണ്ടു പേർ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. രാമമംഗലത്തെ കുടുംബശ്രീ അമൃതം പൊടി നിർമ്മാണ കമ്പനിയിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പിൽ രഘുവിന്റെ ഭാര്യ സ്മിത (50), രാമമംഗലം ആശുപത്രിപ്പടി മനയ്‌ക്കക്കുടിയിൽ ലത (49) എന്നിവരാണ് മരിച്ച മലയാളികൾ. രാമമംഗലം സ്വദേശികളായ മായ മണികണ്ഠൻ, പ്രീതി, സിജി എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.
ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിക്ക് സമീപമുള്ള കോമ്പൗണ്ട് മതിലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ തകർന്നത്. ഏഴ് മരണങ്ങൾ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
56 പേരാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. രാവിലെ വിമാനമാർഗം ബംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിംഗിനിറങ്ങിയ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായി. ഇതിനിടെ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി നിന്നപ്പോഴാണ് മതിൽ ഇടിഞ്ഞുവീണത്.
ഇവിടെ തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ.
വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഉറപ്പുനൽകി.