നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായി
ഇടുക്കി:നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും ഇളയമകൻ കൊലപ്പെടുത്തിയത് അതിക്രൂരമായി.ഇക്കഴിഞ്ഞ നാലിനാണ് പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊന്നതെന്ന് പ്രതി സജി (43) പൊലീസിന് മൊഴി നൽകി.
സംഭവ ദിവസം മദ്യപിച്ച് വീട്ടിൽ എത്തിയ റെജിയും സജിയും തമ്മിൽ ഭക്ഷണം കഴിയ്ക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി.തുടർന്ന് റെജി ആഹാരം സജിയുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിച്ചു.ഇതിൽ പ്രകോപിതനായ സജി,റെജിയെ അടിച്ച് താഴെ വീഴ്ത്തിയശേഷം ഷൂസ് ധരിച്ച കാലു കൊണ്ട് കഴുത്തിൽ ചവിട്ടി ഞെരിച്ചു.റെജി മരിച്ചെന്ന് വിചാരിച്ചെങ്കിലും അല്പം കഴിഞ്ഞപ്പോൾ ഞരങ്ങുന്നത് കേട്ട് തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി മരണം ഉറപ്പാക്കി.ഇതിനിടെ തടയാൻ ശ്രമിച്ച അമ്മയെ കൈയിൽ പിടിച്ചു കറക്കി ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു.രണ്ടു പേരുടെയും മൃദേഹങ്ങൾ അന്ന് രാത്രി കട്ടിലിനടിയിൽ സൂക്ഷിച്ചശേഷം പിറ്റേന്ന് വീടിന് പുറകലെ ചാർത്തിൽ കൊണ്ടുവച്ചു.എന്നാൽ തൊട്ടടുത്ത ദിവസം ദുർഗന്ധം ഉയർന്നതിനെ തുടർന്ന് വീടിനോട് ചേർന്ന പട്ടിക്കൂടിനടുത്ത് കുഴിച്ച് മൂടി കരയിലകൾ വിതറി.ശേഷം രക്തം ഉരുണ്ട വസ്ത്രങ്ങളും മറ്റും പറമ്പിൽ ഇട്ട് കത്തിച്ചു കളഞ്ഞു.പിന്നീട് പതിവു പോലെ ജോലികൾക്കായി പോയെന്നും സജി പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാവിലെ 11.30ന് നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സജിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.പ്രതിയെ കൂടുതൽ തെളിവ് ശേഖരിയ്ക്കുന്നതിനായി പിന്നീട് കസ്റ്റഡിയിൽ വാങ്ങും.2018ൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായതിൽ സജിയ്ക്ക് പങ്കുണ്ടോയെന്ന് കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.