ജയവിശേഷം
വലിയ മാറ്റൊന്നുമില്ലാതെ ശ്രീജയ. പെട്ടെന്ന് കയറി വരുന്നത് സമ്മർ ഇൻ ബത്ലഹേമിൽ മഞ്ജു വാര്യരോടൊപ്പം അടിച്ചു പൊളിച്ച കഥാപാത്രമാകാം.അപ്രതീക്ഷിതമായി സിനിമയിൽ . അപ്രതീക്ഷിതമായി വിവാഹം. പെട്ടെന്ന് ഒരു ദിവസം വീണ്ടും സിനിമയിൽ വന്നപ്പോഴും പ്രേക്ഷകർ ചേർത്തു പിടിച്ചു. പിന്നീട് ശ്രീജയ അതിഥിയായി മാറി. . 'മലയാള സിനിമയുടെ സഹോദരി'യായി നിറഞ്ഞു നിന്ന മുഖമായിരുന്നു ഒരിക്കൽ ശ്രീജയ. ഷറഫുദ്ദീൻ, കല്യാണി പണിക്കർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മധുവിധു"വിൽ ശ്രദ്ധേയ കഥാപാത്രമായി ശ്രീജയ വീണ്ടു കയറി വന്നത് കാണുകയാണ് ഇപ്പോൾ പ്രേക്ഷകർ.
അപ്രതീക്ഷിതമായി വന്നു ചേർന്നതാണോ മധുവിധു സിനിമയിലെ മേഴ്സി ?
തീർച്ചയായും. അരവിന്ദന്റെ അതിഥികൾ സിനിമയുടെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന രജ്ഞിത്ത് കരുണാകരനാണ് എന്നോട് ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്നും താത്പര്യമുണ്ടോ എന്നും ചോദിക്കുന്നത്. നല്ല കഥാപാത്രം എങ്കിൽ ചെയ്യാമെന്ന് തീരുമാനിച്ചു. കുറച്ച് സമയത്തിന് ശേഷം സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മോഹൻ വിളിച്ചു. വളരെ മനോഹരമായി ബിബിൻ കഥ പറഞ്ഞു . മേഴ്സിയെ കുറിച്ച് കേട്ടപ്പോൾ കൗതുകവും ഇഷ്ടവും തോന്നി. കാരണം ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് മേഴ്സി.
കലാമണ്ഡലത്തിൽ നിന്ന് സിബി മലയിൽ കണ്ടെത്തിയില്ലായിരുന്നെങ്കിൽ സിനിമയിൽ വരുമായിരുന്നോ ?
കലാമണ്ഡലത്തിൽ പഠിച്ചതുക്കൊണ്ടാണ് സിനിമയിലേക്ക് വന്നതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. സിനിമയിൽ എത്തണെന്ന് ആഗ്രഹമൊന്നും ഇല്ലായിരുന്നു. കലാമണ്ഡലത്തിൽ പഠിക്കുമ്പോഴാണ് കമലദളത്തിന്റെ ഷൂട്ടിംഗ് അവിടെ വരുന്നത്. കുറച്ച് നർത്തകിമാരായ കുട്ടികളിൽനിന്ന് എന്നെയും സിബി സാർ ( സിബി മലയിൽ) തിരഞ്ഞെടുത്തു. സിബി സാറാണ് എന്നെ ആദ്യമായി ക്യാമറയുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിലും കലാരംഗത്ത് തന്നെ ഉണ്ടാകുമായിരുന്നു. ഒരു നർത്തകിയായോ ,നൃത്ത അധ്യാപികയായോ കാണാമായിരുന്നു.
സിനിമയിൽ എങ്ങനെയാണ് ഇടവേളകൾ സംഭവിക്കുന്നത് ?
നല്ല കഥാപാത്രങ്ങൾ അധികം വരാത്തതിനാൽ സംഭവിച്ചതാണ് ഇടവേള.സിനിമയിൽ ഉണ്ടായിരുന്ന സമയത്തെല്ലാം ഒരുപാട് സഹോദരി വേഷങ്ങൾ ചെയ്തു. തുടർന്നും അത്തരം വേഷങ്ങൾ ചെയ്യാൻ താത്പര്യമില്ലാത്തതിനാൽ ഒഴിവാക്കി . പിന്നെ ബാംഗ്ലൂരിൽ സ്ഥിര താമസം ആണ്. അവിടെ ഡാൻസ് സ്കൂളുംമറ്റു കാര്യങ്ങളുമായി വളരെ തിരക്കായതിനാൽ സിനിമ ചെയ്യാൻ എന്റെ ഭാഗത്തുനിന്ന് പ്രയത്നിച്ചില്ല. ആരോടും ചാൻസ് ചോദിക്കാറുമില്ല. അതുകൂടിയായിരിക്കും ഇടവേള വരാൻ കാരണം. കുറെ നാളുകൾക്കുശേഷം ചെയ്ത സിനിമയാണ് അരവിന്ദന്റെ അതിഥികൾ, അതു കഴിഞ്ഞ് ഒടിയൻ. ഇപ്പോൾ മധുവിധു . നല്ല കഥാപാത്രം വന്നാൽ സിനിമ ചെയ്യും.
അഭിനേത്രി എന്ന നിലയിൽ അടയാളപ്പെടുത്തിയ സിനിമകൾ ഏത്?
കമലദളം ആണ് ആദ്യ സിനിമ. അതിൽ ചെറിയ കഥാപാത്രമായിരുന്നു. പിന്നീട് പൊന്തൻമാട . അത് വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു. എന്നാൽ ഏറ്രവും ഇഷ്ടപ്പെട്ടതും അടുത്ത് നിൽക്കുന്നതുമായ കഥാപാത്രം കന്മദം സിനിമയിലെ സുമയാണ്. അതുപ്പോലെ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ലിസിയും,അരവിന്ദന്റെ അതിഥികളിലെ ജാനകി സുബ്രഹ്മണ്യവും വളരെ ഇഷ്ടപ്പെട്ടവരാണ് . ജാനകി സുബ്രഹ്മണ്യം എന്റെ യഥാർത്ഥ ജീവിതവുമായി അടുത്ത് നിൽക്കുന്ന ഒന്നാണ്. കാരണം അതിൽ പ്രത്യേകിച്ച് അഭിനയിക്കേണ്ടി വന്നില്ല. ഞാൻ ഞാനായി തന്നെ ആ സിനിമയിൽ ഉണ്ട്.
തുടർച്ചയായി സഹോദരി വേഷങ്ങൾ ചെയ്തപ്പോൾ നായിക കഥാപാത്രം വഴിമാറിയോ ?
ചിലപ്പോൾ അത് ഒരു കാരണമാകാം. ഒരേ കഥാപാത്രം ചെയ്ത് കഴിഞ്ഞാൽ വീണ്ടും വീണ്ടും അതു തന്നെയാകും വരിക . പിന്നെ എനിക്ക് സിനിമയിൽ ഗോഡ് ഫാദറില്ല, ആ സമയത്ത് വന്ന അവസരങ്ങൾ കഥാപാത്രം നോക്കാതെ ചെയ്തു. കൂടുതലും സഹോദരി വേഷങ്ങൾ ആയിരുന്നു. ചിലപ്പോൾ അതായിരിക്കാം കൂടുതലും ആ കഥാപാത്രത്തിൽ മാത്രം ഒതുങ്ങിപ്പോയത്. ഇപ്പോഴും സഹോദരി വേഷങ്ങൾ വരുന്നുണ്ട്. അവ എല്ലാം ഒഴിവാക്കി വിടുന്നു . പിന്നെ അന്ന് സഹോദരി വേഷങ്ങൾ മാത്രം ചെയ്തതിൽ കുറ്റബോധമൊന്നും ഇല്ല. സിബിമലയിൽ, ജോഷി,സത്യൻ അന്തിക്കാട്,കമൽ,ടി.വി ചന്ദ്രൻ തുടങ്ങി പ്രമുഖ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
മകൾ മൈഥിലി അമ്മയുടെ വഴിയേ അഭിനയത്തിൽ ?
അത് സംഭവിച്ചതാണ്. മകൾക്ക് സിനിമയോട് താത്പര്യമാണ്. നിവിൻ പോളി ചിത്രം ബേബി ഗേളിൽ മീനാക്ഷി എന്ന കഥാപാത്രം അവതരിപ്പിച്ചു. ഓഡിഷനിൽ പങ്കെടുക്കുന്നുണ്ട്. സിനിമയിൽ സജീവമാകാനാണ് തീരുമാനം. മീഡിയ ആണ് പഠിച്ചത്. സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് മകൾ ആണ്. 2004 ൽ ആണ് ഡാൻസ് സ്കൂൾ തുടങ്ങുന്നത് . ഏകദേശം 900 കുട്ടികൾ പഠിക്കുന്നുണ്ട് . ഭർത്താവ് മദൻ നായർ. സ്കൂളിന്റെ മാർക്ക റ്റിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ശ്രീജയ സെന്റർ ഒഫ് പെർ ഫോമിംങ് ആർട്സ് ആൻഡ് ഫിറ്റ്നസ് എന്ന പേരിൽ സ്കൂളിൾ ഇപ്പോൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണ്.