'എന്റെ ബാറ്റിൽ ദൈവം നൽകിയ എഐ ചിപ്പ്'; പാക് ക്രിക്കറ്റ് നിരീക്ഷകന് മാസ് മറുപടിയുമായി വൈഭവ് സൂര്യവംശി

Thursday 30 April 2026 12:06 PM IST

മുംബയ്: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഭവിന്റെ പ്രകടനം കണ്ട് അമ്പരന്ന നൗമാൻ താരത്തിന്റെ ബാറ്റ് ശാസ്ത്രീയമായി പരിശോധിക്കണമെന്നായിരുന്നു തമാശരൂപേണ പറഞ്ഞത്.

ഇപ്പോഴിതാ നൗമാന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൗമാര താരം. ദൈവമാണ് തന്റെ ബാറ്റിൽ എന്തോ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിലൂടെ വൈഭവ് വ്യക്തമാക്കിയത്.

'ദൈവമാണ് അത് എന്റെ ബാറ്റിൽ വച്ചത്. എന്റെ ബാറ്റിൽ പ്രത്യേകമായി എന്തോ ഉണ്ടെന്ന് സ്വർഗത്തിലിരുന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് പ്രാവർത്തികമാക്കുന്നുവെന്ന് മാത്രം'.- വൈഭവ് പറഞ്ഞു. ഇത്തവണത്തെ ഐപിഎൽ സീസണിൽ വമ്പന്മാരുടെ എക്കാലത്തെയും ഐപിഎൽ റെക്കാഡുകൾ മറികടന്നാണ് വൈഭവിന്റെ മുന്നോട്ടുള്ള കുതിപ്പ്. സീസണിൽ 167 പന്തുകളിൽനിന്ന് 400 റൺസാണ് വൈഭവ് പിന്നിട്ടിരിക്കുന്നത്. ഒൻപത് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളും സ്വന്തമാക്കി റൺവേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്താണ് വൈഭവ്.

സീസണിൽ മുംബയ്‌യും രാജസ്ഥാനും ഏറ്റമുട്ടിയപ്പോൾ ലോകത്തെ ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയെ അടക്കം വൈഭവ് തകർത്തടിച്ചിരുന്നു. ലോകത്തെ മികച്ച ബാറ്റർമാർ പോലും ബുംറയ്‌ക്കെതിരെ റൺസ് കണ്ടെത്താൻ കഷ്ടപ്പെടുമ്പോഴാണ് 15കാരൻ അനായാസം സിക്‌സറുകൾ കണ്ടെത്തിയത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. സീസണിൽ ആദ്യമായി പഞ്ചാബ് കിംഗ്‌സിനെ തോൽവിയിലേക്ക് തള്ളിവിട്ട മത്സരത്തിലും 16 പന്തുകളിൽ മൂന്നു ഫോറും അഞ്ച് സിക്‌സുമടക്കം 43 റൺസ് നേടി വൈഭവ് തിളങ്ങിയിരുന്നു.