'ദൈവത്തിന് മുന്നിൽ ക്രിക്കറ്റ് ദൈവം'; മുഖ്യമന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങാൻ വേദിയിൽ ഷൂസ് അഴിച്ച് സച്ചിൻ

Thursday 30 April 2026 1:31 PM IST

വിശാഖപട്ടണം: ക്രിക്കറ്റിന്റെ ദൈവമെന്നാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെ വിശേഷിപ്പിക്കാറുള്ളത്. 1989ൽ 16-ാം വയസിലാണ് അദ്ദേഹത്തിന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. 24 വർഷം നീണ്ടുനിന്ന മികച്ച കരിയറിൽ അദ്ദേഹത്തിനില്ലാത്ത റെക്കാഡുകളില്ല. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ റെക്കാഡും ഇന്നും സച്ചിന്റെ പേരിലാണ്.

ഇപ്പോഴിതാ തന്റെ ലാളിത്യം കൊണ്ടും വിനയം കൊണ്ടും വീണ്ടും ആരാധക മനസുകൾ കീഴടക്കുകയാണ് സച്ചിൻ. വിശാഖപട്ടണത്ത് നടന്ന ആന്ധ്ര സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ സച്ചിൻ പ്രകടിപ്പിച്ച ആദരവാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത സച്ചിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വെങ്കിടേശ്വര ഭഗവാന്റെ വിഗ്രഹം സമ്മാനമായി നൽകി. എന്നാൽ വിഗ്രഹം കൈപ്പറ്റുന്നതിന് മുൻപ് സച്ചിൻ ചെയ്ത പ്രവർത്തി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

താൻ ധരിച്ചിരുന്ന ഷൂസഴിച്ച ശേഷം തികഞ്ഞ ഭക്തിയോടെ വണങ്ങിയാണ് വിഗ്രഹം സ്വീകരിച്ചത്. ഹൈന്ദവ വിശ്വാസപ്രകാരം പുണ്യവസ്തുക്കളോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന സച്ചിന്റെ രീതിയെ പ്രശംസിച്ച് ആയിരക്കണക്കിന് പേർ രംഗത്തെത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.