ചൈനയിൽ റോബോട്ടിന്റെ ആക്രമണം, അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥികൾ

Thursday 30 April 2026 3:40 PM IST

ബീജിംഗ്: പൊതുപരിപാടികളിലും സ്‌കൂളുകളിലും ഹോട്ടലുകളിലും റോബോട്ടുകളെ അവതരിപ്പിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാണ് ചൈന. നൂതനസാങ്കേതികവിദ്യയിൽ മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് ചൈന എത്രത്തോളം മുന്നിലാണെന്നതിന് തെളിവാണ് ഇത്തരം മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ഈ സാങ്കേതികവിദ്യ മനുഷ്യന് തന്നെ വിനയാകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ സ്‌കൂളിലെ ഒരു നൃത്ത പരിപാടിക്ക് നിയോഗിച്ച റോബോട്ട് കുട്ടികളെ ആക്രമിക്കാൻ മുതിർന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചൈനയിലെ സിൻജിയാംഗിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്.

മൈതാനത്ത് വിദ്യാർത്ഥികൾക്കൊപ്പം റോബോട്ട് നൃത്തം ചെയ്യുന്നതിനിടയിലാണ് അപകടം. തുടക്കത്തിൽ താളത്തിനൊത്ത് ചുവടുവച്ച റോബോട്ട്, വിദ്യാർത്ഥികൾ മൈതാനത്തേക്ക് ഓടിയെത്തിയതോടെ പെട്ടെന്ന് നിലത്തു വീണു. വീണുകിടന്ന റോബോട്ട് പിന്നീട് ഒട്ടും പ്രതീക്ഷിക്കാതെ കുട്ടികൾക്ക് നേരെ അക്രമാസക്താനായി പാഞ്ഞടുത്തു. ഇത് കണ്ട് വിദ്യാർത്ഥികൾ ചിതറി ഓടിയതിനാൽ വലിയൊരു അപകടം ഒഴിവായി. പിന്നീട് പരിപാടിയുടെ സംഘാടകൻ ഓടിയെത്തി റോബോട്ടിന്റെ പ്രവർത്തനം നിർത്തിയാണ് സ്ഥലത്തുനിന്നും മാറ്റിയത്. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല.

എഐ റോബോട്ടിക്‌സിൽ വൻ മന്നേറ്റം നടത്തുന്ന ചൈനയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ ഷാംഗ്‌സി എന്ന സ്ഥലത്ത് നടന്ന മറ്റൊരു നൃത്ത പരിപാടിക്കിടെ നിയന്ത്രണം വിട്ട റോബോട്ട് ഒരു കുട്ടിയുടെ മുഖത്ത് അടിച്ച വീഡിയോ വൈറലായിരുന്നു. മറ്റൊരു സംഭവത്തിൽ പ്രായമായ ഒരു സ്ത്രീയെ ഒരു ഹ്യൂമനോയിഡ് റോബോട്ട് ഭയപ്പെടുത്തിയതിനെ തുടർന്ന് പൊലീസിന് വരെ പ്രശ്നത്തിൽ ഇടപെടേണ്ടി വന്നു.

കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെ ആണെങ്കിലും ഹ്യൂമനോയിഡ് റോബോട്ടുകളുടെ വിപണി വരും വർഷങ്ങളിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്നും, എന്നാൽ അവ വരുത്തിവയ്ക്കാവുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാർ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നും റോബോട്ടിക്‌സ് വിദഗ്ധർ അഭിപ്രായപ്പെട്ടു.