പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാകില്ല; അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ വോട്ടിന്റെ കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. പോസ്റ്റല്‍ വോട്ടിന് ഇനി അവസരം നല്‍കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. എൻജിഒ യൂണിയൻ ഉൾപ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണെന്നും റിട്ട് ഹർജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തേ കേസ് പരിഗണിച്ചപ്പോൾ റൂൾ 27 പ്രകാരം വോട്ടവകാശം നൽകാനാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്. 20,000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്‌തവരാണ് ഇതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമർശിച്ചു. ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.