വിവാഹത്തിന്റെ പേരിൽ നടക്കുന്നത് നുണപ്രചാരണം, സംവിധായകനെതിരെ രഹസ്യ മൊഴി നൽകി കുംഭമേള വൈറൽ താരം
കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി കുംഭമേള വൈറൽ താരം. മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകനെതിരെയാണ് താരം കോടതിയിൽ മൊഴി നൽകിയത്. സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വി.എച്ച്.പി നേതാവ് അനിൽ വിളയിൽ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് എടുത്ത കേസിലാണ് എറണാകുളം സി.ജെ.എം കോടതിയിൽ എത്തി പെൺകുട്ടി രഹസ്യ മൊഴി നൽകിയത്.
പ്രായവുമായി ബന്ധപ്പെട്ട രേഖകളും പെൺകുട്ടി കോടതിക്ക് മുമ്പിൽ സമർപ്പിച്ചു. വിവാഹവുമായി ബന്ധപ്പെട്ട കേസിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞതായാണ് സൂചന. പ്രായപൂർത്തിയാകും മുമ്പെയാണ് വിവാഹം നടന്നതെന്ന വാദം നുണപ്രചാരണമെന്നും താരം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു, ബി.ജെ.പിയുടെ രാഷ്ട്രീയമാണ് വിവാഹവുമായി ബന്ധപ്പെട്ട കേസിന് പിന്നിലെന്നും പെൺകുട്ടി ആരോപിച്ചു.
പെൺകുട്ടി ഏഴുവയസുള്ളപ്പോൾ എടുത്ത ആധാർ കാർഡടക്കമുള്ള രേഖകൾ കോടതിക്ക് മുന്നിൽ ഹാജരാക്കിയതായി അഭിഭാഷകൻ അറിയിച്ചു. വ്യാജരേഖകൾ ഉണ്ടാക്കിയാണ് പെൺകുട്ടിയുടെ ഭർത്താവിനെതിരെ കേസെടുത്തതെന്നും അഭിഭാഷകൻ ആരോപിച്ചു. അതേസമയം മദ്ധ്യപ്രദേശ് പൊലീസ് എടുത്ത പോക്സോ കേസിൽ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.