ആര്‍സിബിയെ വരിഞ്ഞു മുറുക്കി ഗുജറാത്ത് ടൈറ്റന്‍സ്; 155ല്‍ ഒതുങ്ങി നിലവിലെ ചാമ്പ്യന്‍മാര്‍

Thursday 30 April 2026 9:28 PM IST

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ പിടിച്ചുകെട്ടി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 19.2 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായി. 7.3 ഓവറില്‍ 79ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് ശേഷം ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു നിലവിലെ ചാമ്പ്യന്‍മാര്‍. പേസര്‍മാരും സ്പിന്നര്‍ റാഷിദ് ഖാനും ഒരുപോലെ തിളങ്ങിയതാണ് ടൈറ്റന്‍സിന് തുണയായത്. മലയാളി താരം ദേവദത്ത് പടിക്കല്‍ 40(24) ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ ജേക്കബ് ബെഥല്‍ 5(5), വിരാട് കൊഹ്ലി 28(13) എന്നിവര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 35 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദേവദത്തിനൊപ്പം ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 19(15) അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും അര്‍ഷദ് ഖാന്‍ പാട്ടിദാറിനെ മടക്കിയതോടെ സഖ്യം പിരിയുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 1(3), ടിം ഡേവിഡ് 9(6) എന്നിവര്‍ നിരാശപ്പെടുത്തി. ക്രുണാല്‍ പാണ്ഡ്യ 4(4), റൊമാരിയോ ഷെപ്പേര്‍ഡ് 17(15) എന്നിവരും പെട്ടെന്ന് പുറത്തായതോടെ സ്‌കോര്‍ 126ന് എട്ട് എന്ന നിലയിലേക്ക് വീണു.

ഇംപാക്ട് സബ് ആയി വെങ്കിടേഷ് അയ്യരെ കളത്തിലിറക്കിയെങ്കിലും 12(15) റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ പുറത്താകാതെ നിന്ന ഭുവനേശ്വര്‍ കുമാര്‍ 15*(15) ടീം സ്‌കോര്‍ 150 കടത്തുകയായിരുന്നു. ജോഷ് ഹേസില്‍വുഡ് റണ്ണൊന്നും നേടാതെ പുറത്തായി. ടൈറ്റന്‍സിനായി അര്‍ഷദ് ഖാന്‍ മൂന്ന് വിക്കറ്റുകളും റാഷിദ് ഖാന്‍, ജെയ്‌സണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. പേസര്‍മാരായ കാഗിസോ റബാഡയ്ക്കും മുഹമ്മദ് സിറാജിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.