മണൽ നീക്കം പദ്ധതിയും പാളി ; സംഭരണശേഷി കുറഞ്ഞ് മംഗലം ഡാം

Friday 01 May 2026 1:42 AM IST
മംഗലം ഡാമിന്റെ വൃഷ്ടിപ്രദേശം.

മംഗലംഡാം: പാലക്കാട് ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളിലൊന്നായ മംഗലം ഡാം ഇന്ന് മണലിലും ചെളിയിലും മുങ്ങിക്കിടക്കുകയാണ്. ഒരിക്കൽ നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം ഉറപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഡാം ഇപ്പോൾ സംഭരണശേഷി നഷ്ടപ്പെട്ട നിലയിൽ ആശങ്ക ഉയർത്തുന്നു. മൂന്ന് വർഷം മുമ്പ് റിസർവോയറിൽ നിന്ന് എടുത്ത് കുന്നുകളാക്കി കൂട്ടിയിട്ടിരുന്ന മണൽക്കൂനകൾ കാടുമൂടിയ അവസ്ഥയിലാണ്. ഡാമിന്റെ ഏകദേശം 30 ശതമാനം ഭാഗത്ത് മണലും ചെളിയും അടിഞ്ഞുകൂടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. അതിപ്പോൾ 50 ശതമാനത്തോളം എത്തിയെന്നതാണ് അധികൃതർ തന്നെ സമ്മതിക്കുന്നത്. ഏകദേശം ആയിരത്തോളം ലോഡ് മണൽ ചെളിയിൽ നിന്ന് വേർതിരിച്ച് കുന്നുകളാക്കി കൂട്ടിയിട്ട നിലയിലാണ്. റിസർവോയറിലെ കുന്നത്ത് ഗേറ്റ് ഭാഗത്ത് കിടക്കുന്ന ഇവ നീക്കം

ചെയ്യാനുള്ള നടപടികൾ നിലച്ചതോടെ പ്രദേശം മുഴുവൻ അനാഥാവസ്ഥയിലായി. 2020 ഡിസംബർ 17നാണ് ഡാമിലെ മണ്ണ് നീക്കം ആരംഭിച്ചത്. 36 മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു പദ്ധതി. മൂന്ന് വർഷം പിന്നിടുമ്പോൾ പദ്ധതി പൂർണമായും നിലച്ചിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്ത സ്ഥലങ്ങളിൽ മരങ്ങളും ചെടികളും വളർന്ന് കാട് രൂപപ്പെട്ടു. നിരീക്ഷണ കാമറകൾ, ലൈറ്റ് പോസ്റ്റുകൾ, സുരക്ഷാ ഷെഡ്ഡുകൾ എന്നിവയൊക്കെ കാടിനുള്ളിൽ മറഞ്ഞിരിക്കുകയാണ്. 1956ൽ നിർമിക്കപ്പെട്ട മംഗലം ഡാമിന്റെ കാച്ച്‌മെന്റ് ഏരിയ 48.85 ചതുരശ്ര കിലോമീറ്ററാണ്. കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിട്ടും അധികജലം സംഭരിക്കാൻ വേണ്ട നടപടികൾ അപര്യാപ്തമാണ്. മഴക്കാലത്ത് വലിയ തോതിൽ വെള്ളം പുഴയിലൂടെ ഒഴുകി നഷ്ടപ്പെടുമ്പോൾ വേനൽക്കാലത്ത് കനത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പുഴയിൽ 3-4 കിലോമീറ്റർ ഇടവിട്ട് ചെക്ക് ഡാമുകൾ നിർമ്മിച്ചാൽ വെള്ളം തടഞ്ഞ് സംഭരിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. പീച്ചിയിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ ഡാം പരിശോധന വിഭാഗമായ എൻ.സി.ഇ.എസ്.എസും രണ്ട് തവണ നടത്തിയ പരിശോധനയിൽ ഡാമിൽ ഏകദേശം 30 ശതമാനം വരെ മണലും ചെളിയും അടിഞ്ഞുകൂടിയതായി കണ്ടെത്തിയിരുന്നു. ഇത് ഡാമിന്റെ സംഭരണശേഷിയെ ഗൗരവമായി ബാധിക്കുന്നതാണ്. മണൽ നീക്കം പുനരാരംഭിക്കാതെ മംഗലം ഡാമിന്റെ ഭാവി സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.