രാസവള വിലക്കുതിപ്പിൽ വാടിക്കരിഞ്ഞ് കാർഷിക മേഖല

Friday 01 May 2026 12:25 AM IST

യുദ്ധവും രൂപയും പ്രതിസന്ധി

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം രാസവളം വിലയിൽ കുതിപ്പുണ്ടാക്കിയതോടെ സംസ്ഥാനത്തെ കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആഗോള വിപണിയിൽ യൂറിയ വില ടണ്ണിന് 200 ഡോളറിലധികം കൂടിയതിനാൽ രാസവളം ലഭ്യത കുറഞ്ഞു. ഹോർമുസ് ഇടനാഴിയിലൂടെ ചരക്ക് ഗതാഗതം തടസപ്പെട്ടതും രൂപയുടെ മൂല്യത്തകർച്ചയും രാസവളത്തിന്റെ ഇറക്കുമതിച്ചെലവും ഉത്പാദനച്ചെലവും വർദ്ധിപ്പിച്ചു.

2021 മുതലുള്ള വിലവർദ്ധന കാർഷികമേഖലയെ ബാധിക്കുന്നതിനിടെയിലാണ് യുദ്ധം പുതിയ വെല്ലുവിളിയാകുന്നത്. പൊട്ടാഷ്, എൻ.പി.കെ 16-16-16 കോംപ്ലക്സ്, ഫാക്ടംഫോസ് വളങ്ങൾക്കാണ് പ്രധാനമായും വില കൂടിയത്. 2021-22ൽ 660 രൂപയായിരുന്ന 50 കിലോ പൊട്ടാഷിന് ഇപ്പോൾ 1,975 രൂപയായി. ഫാക്ടംഫോസ് 50 കിലോ പായ്ക്കറ്റിന് 1,525 രൂപയായി. യൂറിയ വിലയും വർദ്ധിച്ചേക്കും. എൻ.പി.കെ16-16-16 കോംപ്ലക്സ് 1,750ൽ നിന്ന് 2,050 രൂപയും ജി.എഫ്.എൽ കോംപ്ലക്സ് 1,475ൽ നിന്ന് 1,800 രൂപയുമായി.

ഇറക്കുമതി ഊർജിതമാക്കും

മൺസൂൺ സീസൺ ആരംഭിക്കുന്നതിന് മുൻപ് യൂറിയ ഇറക്കുമതിക്ക് സർക്കാർ നടപടി തുടങ്ങി. 25 ലക്ഷം ടൺ യൂറിയയാണ് ഇറക്കുമതി ചെയ്യുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൺസൂൺ കാലത്ത് 390 ലക്ഷം ടൺ വളമാണ് ആവശ്യം. കേരളത്തിൽ പ്രതിവർഷം ശരാശരി 1.10 ലക്ഷം ടൺ എൻ.പി.കെ കോംപ്ലക്സ‌്, 1.10 ലക്ഷം ടൺ ഫാക്ടംഫോസ്, 1.50 ലക്ഷം ടൺ എൻ.പി.കെ കോംപ്ലക്സ‌്, 80,000 ടൺ പൊട്ടാഷ് എന്നിവ വേണ്ടിവരും.

ഉത്പാദനം കുറയുന്നു

ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെ പ്രകൃതി വാതകക്ഷാമം രൂക്ഷമായതിനാൽ രാജ്യത്തെ രാസവളം ഉത്പാദനം കുത്തനെ ഇടിയുന്നു. വളം ഉത്പാദനത്തിന് കമ്പനികൾ പ്രധാനമായും പ്രകൃതിവാതകമാണ് ആശ്രയിക്കുന്നത്. മാർച്ചിൽ രാജ്യത്തെ രാസവളം ഉത്പാദനം 24.6 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഖാരിഫ് സീസണിൽ ഇന്ത്യയ്ക്ക് ആവശ്യമായ രാസവളം

390.5 ലക്ഷം ടൺ

നിലവിൽ ഇന്ത്യയുടെ കൈവശമുള്ള സ്‌റ്റോക്ക്

190.2 ലക്ഷം ടൺ