ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥി നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കി,

Friday 01 May 2026 12:36 AM IST

നെടുമങ്ങാട് (തിരുവനന്തപുരം)​: ബംഗളൂരൂവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ബി.ടി.എൽ സ്കൂൾ ഒഫ് നഴ്‌സിംഗിലെ രണ്ടാംവർഷ വിദ്യാർത്ഥി അരുവിക്കര പാണ്ടിയോട് കുന്നിൽ വീട്ടിൽ ആദിത്യനാണ് (19) മരിച്ചത്. കണ്ണൂർ അ‌ഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി ആര്യനാട് ഉഴമലയ്ക്കൽ സ്വദേശി നിതിൻ രാജിന്റെ മരണത്തിന്റെ ഞെട്ടൽമാറും മുമ്പ് സമീപപ്രദേശത്തെ ഒരു വിദ്യാർത്ഥികൂടി മരിച്ചത് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.

ബുധനാഴ്ച ഉച്ചയോടെയാണ് ആദിത്യൻ മരിച്ചതെന്നാണ് കോളേജ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഹോസ്റ്റലിൽ ഒരു മുറിയിൽ നാലു വിദ്യാർത്ഥികൾക്കൊപ്പമാണ് ആദിത്യൻ താമസിച്ചിരുന്നത്. ഈ മുറിക്ക് തൊട്ടടുത്തുള്ള ചെറിയ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഈ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികളുടെ പരിശോധനയിലാണ് കണ്ടെത്തിയതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.

പെയിന്റിംഗ് തൊഴിലാളിയായ എസ്.പ്രദീപ് കുമാറിന്റെയും (ബിജു) വി.അശ്വതിയുടെയും മകനാണ് ആദിത്യൻ. സഹോദരി കൃഷ്ണ. ബന്ധുക്കൾ ബംഗളൂരുവിലെത്തി മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് നാട്ടിലെത്തിക്കും.

അദ്ധ്യാപകനെതിരെ കുടുംബം

കോളേജിലെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആദിത്യനോട് ഒരു അദ്ധ്യാപകനും ഏതാനും വിദ്യാർത്ഥികൾക്കും വിരോധമുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മറ്റു കുട്ടികളുടെ മുന്നിൽ വച്ച് ആദിത്യനെ ഈ അദ്ധ്യാപകൻ അപമാനിച്ചുവെന്നും കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് ബംഗളൂരു പൊലീസിനും കേരള പൊലീസിനും പരാതി നൽകുമെന്നും പറഞ്ഞു.