സഞ്ജു സാംസണ്‍ മടങ്ങി വരുന്നു; വമ്പന്‍ പദ്ധതിയുമായി അഗാര്‍ക്കറും ഗംഭീറും

Thursday 30 April 2026 10:45 PM IST

മുംബയ്: തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. ഇന്ത്യ ജേതാക്കളായ ട്വന്റി 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറിയതോടെ ബാറ്റിംഗിലും തകര്‍പ്പന്‍ ഫോമില്‍. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറി സഹിതം 300+ റണ്‍സും സഞ്ജു സാംസണ്‍ സ്‌കോര്‍ ചെയ്ത് കഴിഞ്ഞു.

ഇപ്പോഴിതാ ദേശീയ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദിന ടീമിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് സഞ്ജു സാംസണ്‍. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് കണക്കിലെടുത്ത് സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിക്കാനാണ് മുഖ്യ പരിശീലകനന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ആലോചിക്കുന്നത്. നിലവില്‍ കെ.എല്‍ രാഹുലാണ് ഏകദിന ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍, റിഷഭ് പന്ത് ആണ് സെക്കന്റ് വിക്കറ്റ് കീപ്പര്‍. മോശം ഫോമിലുള്ള പന്തിന് പകരം സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ആലോചന.

ഇഷാന്‍ കിഷന്‍, ധ്രുവ ജുരേല്‍ എന്നിവരേയും പരിഗണിക്കുന്നുണ്ടെങ്കിലും സഞ്ജുവിനാണ് മുന്‍ഗണന. ട്വന്റി 20യിലും ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്യുന്നതും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതുമാണ് സഞ്ജുവിന് മുന്‍ഗണന ലഭിക്കാനുള്ള കാരണം. 2023ല്‍ ആണ് സഞ്ജു ഇന്ത്യക്കായി അവസാനമായി ഏകദിന മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടാനും താരത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യക്കായി 16 ഏകദിന മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. 56.67 ആണ് ബാറ്റിംഗ് ശരാശരി.