ആത്മീയ നിറവിൽ പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് പള്ളി
ചെങ്ങന്നൂർ: പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സപ്തതി ആഘോഷങ്ങളും പെരുന്നാളും കുരിശുപള്ളിയുടെ കൂദാശയും ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് 4ന് കുരിശുപള്ളിയുടെ കൂദാശ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിക്കും.നാളെ പെരുന്നാൾ കൊടി ഘോഷയാത്ര നിരണം വലിയപള്ളിയിൽ നിന്ന് ആരംഭിച്ച് വിവിധ പള്ളികളിലെ സ്വീകരണങ്ങൾക്കുശേഷം പുലിയൂർ ജംഗ്ഷൻ വഴി മാർ ഗ്രിഗോറിയോസ് കുരിശടിയിൽ നിന്ന് പള്ളിയിലെത്തും. ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് നേതൃത്വം നൽകും. മൂന്നിന് മുന്നിന്മേൽ കുർബാനയ്ക്ക് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കൊടിയേറ്റ്. വൈകിട്ട് ആത്മീയ സംഘടനാ വാർഷികവും. നാലിന് പ്രഭാത നമസ്കാരവും വി.കുർബാനയും തുടർന്ന് ആദരിക്കൽ ചടങ്ങ്. അഞ്ചിന് പ്രാർത്ഥന, കുർബാന, ഗാനശുശ്രൂഷ എന്നിവയ്ക്കൊപ്പം ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനും നടക്കും. ആറു മുതൽ എട്ട് വരെ ദിവസങ്ങളിൽ പ്രാർത്ഥനകൾ, വി.കുർബാന, ഗാനശുശ്രൂഷ, വചനശുശ്രൂഷ എന്നിവ നടക്കും. എട്ടിന് നടക്കുന്ന കുടുംബസംഗമത്തിൽ സഖറിയ മാർ സേവേറിയോസ് മുഖ്യാതിഥിയാകും. ഒൻപതിന് ബുധനൂർ സെന്റ് ഏലിയാസ് പള്ളിയിൽ സന്ധ്യാപ്രാർത്ഥനയും പ്രദക്ഷിണവും നടക്കും. പത്തിന് രാവിലെ 8ന് മൂന്നിന്മേൽ കുർബാന മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ. തുടർന്ന് സപ്തതി സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടകവും അരങ്ങേറും. 11ന് ലൈവ് മ്യൂസിക്കൽ ഷോ.