നിതിൻരാജിന്റെ മരണം, ക്രൈംബ്രാഞ്ചിന് കേസ് നൽകിയതിൽ അട്ടിമറി സംശയിച്ച് കുടുംബം
ഡി.ഐ.ജി യതീഷ്ചന്ദ്രയെ സന്ദർശിച്ച് പിതാവ്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിൽ അട്ടിമറി സംശയിച്ച് പിതാവ് വൈ.എൽ. രാജൻ. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ഡി.ഐ.ജിയെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായുള്ള വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കേസിൽ ആരെയും അറസ്റ്റ് ചെയ്തില്ല. അന്വേഷണത്തിന്റെ തുടക്കം മുതൽ കളികൾ നടക്കുകയാണ്. തങ്ങളുടെ ആവശ്യപ്രകാരമല്ല കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. വേറെ ഏജൻസി അന്വേഷിച്ചാൽ പെട്ടെന്ന് കണ്ടെത്തുമെന്നാണ് അധികൃതർ പറയുന്നത്. ഡോ. എം.കെ റാമിനെ പിടിക്കാത്തതിൽ മറുപടിയില്ല. നിതിന് എന്താണ് സംഭവിച്ചതെന്ന് പുറത്തു വരണം. അന്വേഷണ ഏജൻസിയെ മാറ്റിയ സാഹചര്യത്തിലാണ് ഡി.ഐ.ജിയെ കണ്ടതെന്നും രാജൻ പറഞ്ഞു. കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാർ,ഭാരവാഹികളായ എം.ആർ.പുഷ്പ,എം.സി രാമൻ എന്നിവർക്കൊപ്പമാണ് രാജൻ ഡി.ഐ.ജിയെ കാണാനെത്തിയത്.
കാണാമാറയത്ത്
ഡോ. റാം
കേസിൽ പ്രതിയായ അദ്ധ്യാപകൻ ഡോ. എം.കെ. റാമിനെ കണ്ടെത്തുന്നതിന് രണ്ട് സംഘം കേരളത്തിന് പുറത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഡി.ഐ.ജി യതീഷ്ചന്ദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനകം പന്ത്രണ്ടോളം വീടുകൾ റെയ്ഡ് ചെയ്തു. റെയ്ഡ് തുടരുകയാണ്. കേസ് അന്വേഷണത്തിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഉടൻ കേസ് സംബന്ധിച്ച ഫയലുകൾ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും ഡി.ഐ.ജി പറഞ്ഞു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നിതിന്റെ മരണം കണ്ണൂർ ക്രൈം എസ്.പി അന്വേഷിക്കും
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഇതിനായി ഉത്തരവിറക്കും. കണ്ണൂർ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ടും നൽകാനാണ് നിർദ്ദേശം.