കൊടുംചൂടിൽ നിലച്ച് ​റേഷൻ കടകളിലെ 10 രൂപ കുപ്പിവെള്ളം

Friday 01 May 2026 12:26 AM IST

കോട്ടയം: കൊടും ചൂടിൽ സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ളം 20 രൂപയ്ക്ക് വൻതോതിൽ വിൽക്കുമ്പോഴും റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് വിറ്റിരുന്ന 'ഹില്ലി അക്വാ' കുപ്പിവെള്ളം പദ്ധതി നിലച്ചു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് റേഷൻ കടകളിൽ നടപ്പാക്കിയ സുജലം കുപ്പിവെള്ള പദ്ധതി പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല.

2023ൽ ആരംഭിച്ച പദ്ധതിക്ക് ആദ്യം മികച്ച പ്രതികരണം ലഭിച്ചെങ്കിലും കമ്മിഷൻ കുറവായതിനാൽ റേഷൻ വ്യാപാരികൾ പിൻവാങ്ങി. വ്യാപാരികൾക്ക് എട്ട് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം പത്ത് രൂപയ്ക്ക് വിൽക്കാനായിരുന്നു ധാരണ. പണം ഉടൻ നൽകണമെന്ന വ്യവസ്ഥയും വ്യാപാരികളെ അകറ്റി. വെള്ളം തണുപ്പിച്ച് സൂക്ഷിക്കുന്നത് സംബന്ധിച്ച ആശങ്കയും ഫ്രീസർ സംവിധാനമില്ലാത്തതും വില്ലനായി.

പശ്ചിമേഷ്യൻ യുദ്ധവും

പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ബോട്ടിൽ ക്ഷാമവും നിർമ്മാണച്ചെലവ് ഉയർന്നതും വ്യാപാരികൾക്ക് ഒമ്പത് രൂപയ്ക്കേ വെള്ളം കൊടുക്കാൻ കഴിയൂവെന്ന നിലപാടിലാണ് കമ്പനി. 13 രൂപയ്ക്ക് റേഷൻ കടകളിലൂടെ വിൽക്കാനും തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചില്ല. ഇതിനിടെ തിരഞ്ഞെടുപ്പും വന്നു. അതേസമയം,കെ.സ്റ്റോർ,സപ്ലൈക്കോ,കൺസ്യൂമർഫെഡ്,കെ.ടി.ഡി.സി വഴിയുള്ള കുപ്പിവെള്ള വിതരണം ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 10.5 കോടിയുടെ വിറ്റുവരവ് കമ്പനി നേടി.

ഉത്പാദനച്ചെലവ് കൂടിയതിനാൽ വില കൂട്ടണമെന്ന നിർദ്ദേശത്തിന് സർക്കാർ അംഗീകാരം വേണം.

-മോഹൻ കുമാർ,​

റേഷനിംഗ് കൺട്രോളർ