ഐ.സി.എസ്.ഇ 10, ഐ.എസ്.സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഐ.സി.എസ്.ഇ 10, ഐ.എസ്.സി 12-ാം ക്ലാസ് പരീക്ഷാഫലത്തിൽ സംസ്ഥാനത്ത് മിന്നുംവിജയം. കേരളത്തിൽ ഐ.സി.എസ്.ഇ 10-ാം ക്ളാസിൽ 99.96ഉം ഐ.എസ്.സി 12-ാം ക്ലാസിൽ 99.97ഉം ആണ് വിജയശതമാനം. 10-ാം ക്ളാസിൽ 7,861ഉം 12-ാം ക്ലാസിൽ 3,058 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ദേശീയതലത്തിൽ രണ്ടു പരീക്ഷകൾക്കും 99ശതമാനത്തിനു മുകളിലാണ് വിജയം. രണ്ടിലും ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ മുന്നിലെത്തി. ഫലം cisce.org, results.cisce.org വെബ്സൈറ്റുകളിൽ ലഭ്യമാണ്. 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് 10, 12 ക്ലാസ് മെയിൻ പരീക്ഷയെഴുതിയത്. പുനർമൂല്യനിർണയത്തിനായി 4 വരെ സി.ഐ.എസ്.സി.ഇ പോർട്ടൽ മുഖേന അപേക്ഷിക്കാം. ഒരു വിഷയത്തിന് 1,500 രൂപയാണ് ഫീസ്. ജൂൺ 15 മുതലായിരിക്കും ഇംപ്രൂവ്മെന്റ് പരീക്ഷകൾ.
പരീക്ഷാ
രജിസ്ട്രേഷൻ 8 മുതൽ
ഐ.സി.എസ്.ഇ 10, ഐ.എസ്.സി 12 ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷാ രജിസ്ട്രേഷൻ മേയ് 8 മുതൽ 14 വരെയായിരിക്കുമെന്ന് പരീക്ഷാനടത്തിപ്പുക്കാരായ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഴ്സ് (സി.ഐ.എസ്.സി.ഇ) അറിയിച്ചു. അതിന്റെ ഫലം ജൂലായ് അവസാനത്തോടെ പ്രസിദ്ധീകരിച്ചേക്കും.