കര്‍ഷകര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി; വില്ലനായി മാറിയത് വിലക്കയറ്റം തന്നെ

Friday 01 May 2026 12:01 AM IST

യുദ്ധവും രൂപയും പ്രതിസന്ധി

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധം രാസവളം വിലയില്‍ കുതിപ്പുണ്ടാക്കിയതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആഗോള വിപണിയില്‍ യൂറിയ വില ടണ്ണിന് 200 ഡോളറിലധികം കൂടിയതിനാല്‍ രാസവളം ലഭ്യത കുറഞ്ഞു. ഹോര്‍മുസ് ഇടനാഴിയിലൂടെ ചരക്ക് ഗതാഗതം തടസപ്പെട്ടതും രൂപയുടെ മൂല്യത്തകര്‍ച്ചയും രാസവളത്തിന്റെ ഇറക്കുമതിച്ചെലവും ഉത്പാദനച്ചെലവും വര്‍ദ്ധിപ്പിച്ചു.

2021 മുതലുള്ള വിലവര്‍ദ്ധന കാര്‍ഷികമേഖലയെ ബാധിക്കുന്നതിനിടെയിലാണ് യുദ്ധം പുതിയ വെല്ലുവിളിയാകുന്നത്. പൊട്ടാഷ്, എന്‍.പി.കെ 16-16-16 കോംപ്ലക്‌സ്, ഫാക്ടംഫോസ് വളങ്ങള്‍ക്കാണ് പ്രധാനമായും വില കൂടിയത്. 2021-22ല്‍ 660 രൂപയായിരുന്ന 50 കിലോ പൊട്ടാഷിന് ഇപ്പോള്‍ 1,975 രൂപയായി. ഫാക്ടംഫോസ് 50 കിലോ പായ്ക്കറ്റിന് 1,525 രൂപയായി. യൂറിയ വിലയും വര്‍ദ്ധിച്ചേക്കും. എന്‍.പി.കെ16-16-16 കോംപ്ലക്‌സ് 1,750ല്‍ നിന്ന് 2,050 രൂപയും ജി.എഫ്.എല്‍ കോംപ്ലക്‌സ് 1,475ല്‍ നിന്ന് 1,800 രൂപയുമായി.

ഇറക്കുമതി ഊര്‍ജിതമാക്കും

മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് യൂറിയ ഇറക്കുമതിക്ക് സര്‍ക്കാര്‍ നടപടി തുടങ്ങി. 25 ലക്ഷം ടണ്‍ യൂറിയയാണ് ഇറക്കുമതി ചെയ്യുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മണ്‍സൂണ്‍ കാലത്ത് 390 ലക്ഷം ടണ്‍ വളമാണ് ആവശ്യം. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 1.10 ലക്ഷം ടണ്‍ എന്‍.പി.കെ കോംപ്ലക്‌സ്, 1.10 ലക്ഷം ടണ്‍ ഫാക്ടംഫോസ്, 1.50 ലക്ഷം ടണ്‍ എന്‍.പി.കെ കോംപ്ലക്‌സ്, 80,000 ടണ്‍ പൊട്ടാഷ് എന്നിവ വേണ്ടിവരും.

ഉത്പാദനം കുറയുന്നു

ഹോര്‍മുസ് ഇടനാഴി ഇറാന്‍ അടച്ചതോടെ പ്രകൃതി വാതകക്ഷാമം രൂക്ഷമായതിനാല്‍ രാജ്യത്തെ രാസവളം ഉത്പാദനം കുത്തനെ ഇടിയുന്നു. വളം ഉത്പാദനത്തിന് കമ്പനികള്‍ പ്രധാനമായും പ്രകൃതിവാതകമാണ് ആശ്രയിക്കുന്നത്. മാര്‍ച്ചില്‍ രാജ്യത്തെ രാസവളം ഉത്പാദനം 24.6 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഖാരിഫ് സീസണില്‍ ഇന്ത്യയ്ക്ക് ആവശ്യമായ രാസവളം - 390.5 ലക്ഷം ടണ്‍

നിലവില്‍ ഇന്ത്യയുടെ കൈവശമുള്ള സ്റ്റോക്ക് - 190.2 ലക്ഷം ടണ്‍